
Trust & Safety
ഡീപ്‌ഫേക്ക് ആൾമാറാട്ടം: AI-യുടെ ചതിക്കുഴികളിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം
PhonePe Regional|2 min read|14 October, 2025
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഈ വർഷത്തെ ഏറ്റവും വലിയ ചർച്ചാവിഷയമാണ്, അതിന് കാരണവുമുണ്ട്. സാങ്കേതികവിദ്യ മുതൽ വിനോദം വരെ, നമ്മുടെ ദൈനംദിന ജീവിതത്തിലും പുതിയ കണ്ടുപിടുത്തങ്ങളിലും AI-യുടെ ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഈ സാങ്കേതികവിദ്യ കൂടുതൽ വികസിക്കുകയും എല്ലാവർക്കും ലഭ്യമാകുകയും ചെയ്യുമ്പോൾ, അതോടൊപ്പം അപകടങ്ങളും വർധിക്കുകയാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും AI ഉപയോഗിച്ച് നിർമ്മിച്ച തികച്ചും യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിൽ ഏതാണ് യഥാർത്ഥമെന്നും ഏതാണ് വ്യാജമെന്നും തിരിച്ചറിയാൻ പോലും പലപ്പോഴും പ്രയാസമാണ്. ഈ സാങ്കേതികവിദ്യ ഇപ്പോൾ തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കാനും അവരുടെ പേരിൽ ഡീപ്പ്ഫേക്കുകൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്താനും ദുരുപയോഗം ചെയ്യുന്നു.
എന്താണ് ഡീപ്പ്ഫേക്ക് ആൾമാറാട്ടം?
ഒരു തട്ടിപ്പുകാരൻ നിങ്ങളെ കബളിപ്പിച്ച് പണം തട്ടുന്നതിനോ, നിങ്ങളുടെ രഹസ്യ വിവരങ്ങൾ കൈക്കലാക്കുന്നതിനോ വേണ്ടി AI സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരാളായി ചമയുന്നതിനെയാണ് ‘ഡീപ്പ്ഫേക്ക് ആൾമാറാട്ടം’ എന്ന് പറയുന്നത്. ഇതിനായി അവർ നിങ്ങളുടെ സുഹൃത്തായോ, കുടുംബാംഗമായോ, അല്ലെങ്കിൽ ഏതെങ്കിലും കമ്പനിയുടെയോ സർക്കാർ സ്ഥാപനത്തിൻ്റെയോ ഉദ്യോഗസ്ഥനായോ ചമഞ്ഞേക്കാം.
”ഡീപ്പ് ലേണിംഗ്”, ”ഫേക്ക്” എന്നീ വാക്കുകൾ ചേർന്നാണ് ഡീപ്പ്ഫേക്ക് എന്ന പദമുണ്ടായത്. ഒരു വ്യക്തിയുടെ ഡാറ്റയിൽ നിന്ന് പഠിച്ച്, വ്യാജവും എന്നാൽ തികച്ചും യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന ജനറേറ്റീവ് അഡ്‌വേർസേറിയൽ നെറ്റ് വർക്കുകൾ (GANs) എന്ന AI സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. ഇതുവഴി തട്ടിപ്പുകാർക്ക് യഥാർത്ഥമെന്ന് തോന്നുന്ന ഓഡിയോ സന്ദേശങ്ങളോ വീഡിയോകളോ ഉണ്ടാക്കി ആളുകളെ എളുപ്പത്തിൽ കബളിപ്പിക്കാൻ സാധിക്കുന്നു.
ആൾമാറാട്ടത്തിന് ഡീപ്പ്ഫേക്ക് എങ്ങനെ ഉപയോഗിക്കുന്നു?
ഒരു വ്യക്തിയുടെ മുഖഭാവങ്ങളും ശബ്ദവും അനുകരിച്ച് ഒരു കൃത്രിമ രൂപം സൃഷ്ടിച്ചാണ് കുറ്റവാളികൾ ഡീപ്പ്ഫേക്ക് തട്ടിപ്പുകൾ നടത്തുന്നത്. ആൾമാറാട്ടത്തിനായി ഡീപ്പ്ഫേക്കുകൾ ഉപയോഗിക്കുന്ന ചില വഴികൾ താഴെ നൽകുന്നു:
- ഐഡൻ്റിറ്റി മോഷണം: മുഖമോ ശബ്ദമോ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓൺലൈൻ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ ഡീപ്പ്ഫേക്കുകൾ ഉപയോഗിക്കാം. ഇത് വഴി കുറ്റവാളികൾക്ക് മറ്റൊരാളുടെ അക്കൗണ്ടുകളിൽ പ്രവേശിക്കാനും, അവരുടെ പേരിൽ ലോണെടുക്കാനും, ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കാനും സാധിക്കും.
- സാമ്പത്തിക തട്ടിപ്പ്: ഒരു അടിയന്തര സാഹചര്യത്തിലാണെന്ന് കള്ളം പറഞ്ഞ് നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ശബ്ദം അനുകരിച്ച് പണം ആവശ്യപ്പെടാനായി തട്ടിപ്പുകാർ ഡീപ്പ്ഫേക്ക് ഉപയോഗിച്ചേക്കാം. അല്ലെങ്കിൽ ഏതെങ്കിലും ഉയർന്ന ഉദ്യോഗസ്ഥനായി അഭിനയിച്ച് പണം ട്രാൻസ്ഫർ ചെയ്യാൻ നിർബന്ധിക്കാം. ഈ വ്യാജ വീഡിയോകളും ശബ്ദവും യാഥാർത്ഥ്യത്തോട് വളരെ അടുത്തുനിൽക്കുന്നതിനാൽ ആളുകൾ എളുപ്പത്തിൽ വഞ്ചിതരാകുന്നു.
- ഭീഷണിപ്പെടുത്തലും ബ്ലാക്ക്‌മെയിലും: ഒരു വ്യക്തിയുടെ വ്യാജ വീഡിയോകളോ ചിത്രങ്ങളോ സൃഷ്ടിക്കാനും, അത് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനോ അല്ലെങ്കിൽ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി കാര്യങ്ങൾ ചെയ്യിക്കാനോ കുറ്റവാളികൾക്ക് സാധിക്കും.
- തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ: പ്രമുഖ വ്യക്തികളോ സാധാരണക്കാരോ ഒരിക്കലും പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങൾ അവർ ചെയ്തതായി ചിത്രീകരിക്കാൻ ഡീപ്പ്ഫേക്കുകൾക്ക് കഴിയും. ഇത് ഒരാളുടെ സൽപ്പേരിന് കളങ്കം വരുത്താനും സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനും വിപണികളെ സ്വാധീനിക്കാനും വരെ ഉപയോഗിക്കാം.
ഡീപ്പ്ഫേക്കിനെ എങ്ങനെ തിരിച്ചറിയാം?
ഡീപ്പ്ഫേക്കുകൾ തികച്ചും യാഥാർത്ഥ്യമെന്ന് തോന്നാമെങ്കിലും, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വ്യാജനെ കണ്ടെത്താനാകും:
- ദൃശ്യത്തിലെ പൊരുത്തക്കേടുകൾ: അസ്വാഭാവികമായ കണ്ണ് ചിമ്മൽ, മുഖത്തെ ഭാവമാറ്റങ്ങൾ, വിചിത്രമായ ചലനങ്ങൾ എന്നിവയും വ്യക്തിയുടെ മുഖത്ത് കാണുന്ന വെളിച്ചവും, നിഴലുകളും ചുറ്റുപാടുമായി യോജിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക.
- ശബ്ധത്തിലെ സൂചനകൾ: ശബ്ദം ശ്രദ്ധിക്കുക. സംസാരം റോബോട്ടിനെപ്പോലെ തോന്നുകയോ, ശബ്ദത്തിൽ വികാരങ്ങൾ ഇല്ലാതിരിക്കുകയോ, സംഭാഷണത്തിൽ അസാധാരണമായ ഇടവേളകൾ ഉണ്ടാകുകയോ ചെയ്യാം. ചിലപ്പോൾ വീഡിയോയിൽ പറയുന്ന വാക്കുകളും ചുണ്ടനക്കവും തമ്മിൽ ചേർച്ചയില്ലാതിരിക്കാനും സാധ്യതയുണ്ട്.
- സംശയാസ്പദമായ ആവശ്യങ്ങൾ: പണമോ സ്വകാര്യ വിവരങ്ങളോ ആവശ്യപ്പെടുന്ന അപ്രതീക്ഷിത കോളുകളോ സന്ദേശങ്ങളോ വന്നാൽ അതീവ ജാഗ്രത പാലിക്കുക. നിങ്ങളെ സമ്മർദ്ദത്തിലാക്കി പെട്ടെന്ന് ഒരു തീരുമാനം എടുപ്പിക്കാൻ തട്ടിപ്പുകാർ ശ്രമിക്കും.
ഡീപ്പ്ഫേക്കിൽ നിന്ന് എങ്ങനെ സ്വയം രക്ഷിക്കാം?
ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഒരു വളരുന്ന ഭീഷണിയാണെങ്കിലും, സ്വയം പരിരക്ഷിക്കാൻ നിങ്ങൾക്ക് ചില നടപടികൾ സ്വീകരിക്കാനാകും.
- മൾട്ടി-ഫാക്ടർ ഓതൻ്റിക്കേഷൻ (MFA) ഉപയോഗിക്കുക: നിങ്ങളുടെ അക്കൗണ്ടുകളിൽ എപ്പോഴും MFA എനേബിൾ ചെയ്യുക. ഇത് ഒന്നിലധികം സുരക്ഷാ തലങ്ങൾ നൽകുന്നു. അതിനാൽ, ഒരു തട്ടിപ്പുകാരൻ നിങ്ങളുടെ ബയോമെട്രിക് സ്കാൻ മറികടന്നാൽ പോലും, അക്കൗണ്ടിൽ പ്രവേശിക്കാൻ അവർക്ക് രണ്ടാമതൊരു വെരിഫിക്കേഷൻ കൂടി ആവശ്യമായി വരും.
- സംശയാസ്പദമായ ആവശ്യങ്ങൾ ഉറപ്പുവരുത്തുക: ഒരു സുഹൃത്തോ സഹപ്രവർത്തകനോ വീഡിയോ കോളിലൂടെയോ സന്ദേശത്തിലൂടെയോ അസ്വാഭാവികമായി പണമോ വിവരങ്ങളോ ചോദിച്ചാൽ, ആ കോൾ കട്ട് ചെയ്ത് നിങ്ങൾക്ക് ഉറപ്പുള്ള അവരുടെ നമ്പറിൽ തിരികെ വിളിച്ച് കാര്യം ഉറപ്പുവരുത്തുക.
- സ്വയം പഠിക്കുക, മറ്റുള്ളവരെ പഠിപ്പിക്കുക: ഒരു ഡീപ്പ്ഫേക്കിന്റെ മുന്നറിയിപ്പ് സൂചനകൾ തിരിച്ചറിയാൻ പഠിക്കുക. നിങ്ങളുടെ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും അതിന് പ്രോത്സാഹിപ്പിക്കുക. “വിശ്വസിക്കുക, പക്ഷേ ഉറപ്പുവരുത്തുക” എന്ന ചിന്താഗതി ഇത്തരം തട്ടിപ്പുകൾക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമാണ്.
എങ്ങനെ റിപ്പോർട്ട് ചെയ്യാം
നിങ്ങൾ ഒരു തട്ടിപ്പിന് ഇരയായെന്ന് സംശയമുണ്ടെങ്കിൽ, ഉടൻ തന്നെ അത് റിപ്പോർട്ട് ചെയ്യുക:
PhonePe-യിൽ റിപ്പോർട്ട് ചെയ്യാൻ:
- PhonePe ആപ്പ്: ആപ്പിലെ സഹായം(Help) സെക്ഷനിൽ പോയി പരാതി നൽകുക.
- PhonePe കസ്റ്റമർ കെയർ: 80-68727374 / 022-68727374 എന്ന നമ്പറിൽ വിളിക്കുക.
- സോഷ്യൽ മീഡിയ വഴി റിപ്പോർട്ട് ചെയ്യാൻ:
- Twitter: PhonePe Support
- Facebook: PhonePe Official
- പരാതി പരിഹാരം: PhonePe ഗ്രീവൻസ് പോർട്ടലിൽ പരാതി ഫയൽ ചെയ്യുക.
അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാൻ:
- സൈബർ ക്രൈം സെൽ: സൈബർ ക്രൈം പോർട്ടലിൽ ഓൺലൈനായി പരാതി നൽകുക, അല്ലെങ്കിൽ 1930 എന്ന നമ്പറിൽ വിളിക്കുക.
- ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DOT): സംശയാസ്പദമായ സന്ദേശങ്ങൾ, കോളുകൾ, അല്ലെങ്കിൽ വാട്ട്സ്ആപ്പ് തട്ടിപ്പുകൾ എന്നിവ സഞ്ചാർ സാഥി പോർട്ടലിലെ ‘ചക്ഷു’ സൗകര്യം വഴി റിപ്പോർട്ട് ചെയ്യുക.
പ്രധാന അറിയിപ്പ് — PhonePe ഒരിക്കലും രഹസ്യമോ വ്യക്തിഗതമായതോ ആയ വിവരങ്ങൾ ആവശ്യപ്പെടില്ല. phonepe.com ഡൊമെയ്‌നിൽ നിന്നല്ലാത്ത ഇമെയിലുകൾ PhonePe-യിൽ നിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് വന്നാൽ അവയെല്ലാം അവഗണിക്കുക. നിങ്ങൾ എന്തെങ്കിലും തട്ടിപ്പ് സംശയിക്കുന്നുണ്ടെങ്കിൽ, ഉടൻ തന്നെ അധികാരികളുമായി ബന്ധപ്പെടുക.