
Trust & Safety
ജംപ്‌ഡ് ഡെപോസിറ്റ് തട്ടിപ്പ്: UPI പിൻ എപ്പോൾ നൽകണമെന്ന് കൃത്യമായി അറിയൂ
PhonePe Regional|3 min read|24 February, 2026
നിങ്ങളുടെ പണത്തിനും ട്രാൻസാക്ഷനുമിടയിലുള്ള അവസാനത്തെ സുരക്ഷാ കവചമാണ് നിങ്ങളുടെ UPI പിൻ. ഓരോ തവണയും നിങ്ങൾ പിൻ നൽകുമ്പോൾ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനുള്ള അനുവാദമാണ് നൽകുന്നത്. അതുകൊണ്ട് തന്നെ, ഓരോ ട്രാൻസാക്ഷനും മുൻപ് ഒരു നിമിഷം ആലോചിച്ച് വിശദാംശങ്ങൾ ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ, തിരക്കിട്ട ജീവിതത്തിനിടയിൽ പലരും ഈ ചെറിയ കാര്യം മറന്നുപോകുന്നു. ഉപഭോക്താക്കളുടെ ഈ അശ്രദ്ധ മുതലെടുത്താണ് തട്ടിപ്പുകാർ സോഷ്യൽ എൻജിനീയറിംഗ് വഴി തട്ടിപ്പുകൾ നടത്തുന്നത്. അത്തരത്തിൽ ഒന്നാണ് ജംപ്‌ഡ് ഡെപോസിറ്റ് തട്ടിപ്പ്.
ഈ തട്ടിപ്പ് എങ്ങനെയാണ് നടക്കുന്നതെന്നും, ഇതിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാമെന്നും ഇവിടെ വിശദീകരിക്കുന്നു.
എന്താണ് ജംപ്‌ഡ് ഡെപോസിറ്റ് തട്ടിപ്പ്?
പണം ഇങ്ങോട്ട് ലഭിക്കാനാണെന്ന് വിശ്വസിപ്പിച്ച്, തട്ടിപ്പുകാർ ഇരകളെക്കൊണ്ട് തന്നെ UPI ഉപയോഗിച്ച് പണമടയ്ക്കാനുള്ള റിക്വസ്റ്റിന് അംഗീകാരം നൽകുന്നതിനെയാണ് ജംപ്‌ഡ് ഡെപ്പോസിറ്റ് തട്ടിപ്പ് എന്ന് വിളിക്കുന്നത്. തട്ടിപ്പ് നടന്ന ഉടൻ തന്നെ, ആ പണം നിമിഷങ്ങൾക്കകം ഡസൻ കണക്കിന് മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റപ്പെടുന്നു. പണം എവിടേക്കാണ് പോയതെന്ന് കണ്ടുപിടിക്കാൻ പോലും കഴിയാത്ത വിധം വേഗത്തിലായിരിക്കും ഇത് സംഭവിക്കുന്നത്. പണം കൈമറിഞ്ഞ് പോകുന്ന ഈ വേഗത കൊണ്ടാണ് ഇതിനെ ‘ജംപ്‌ഡ് ഡെപോസിറ്റ്’ എന്ന് വിളിക്കുന്നത്.
സാധാരണ തട്ടിപ്പുകളിൽ നിങ്ങളുടെ OTP കൈക്കലാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, ഇവിടെ തന്ത്രപൂർവ്വം നിങ്ങളെക്കൊണ്ട് തന്നെ UPI പിൻ നൽകുകയാണ് ചെയ്യുന്നത്.
എങ്ങനെയാണ് കെണിയൊരുക്കുന്നത്
- ചെറിയ തുക ക്രെഡിറ്റ് ചെയ്യുന്നു: ആദ്യം നിങ്ങളുടെ അക്കൗണ്ടിലേക്ക് ₹10 അല്ലെങ്കിൽ ₹50 വന്നതായി ഒരു നോട്ടിഫിക്കേഷൻ അല്ലെങ്കിൽ ഒരു SMS ലഭിക്കുന്നു.
- സഹായം അഭ്യർത്ഥിച്ചുള്ള കോൾ: തൊട്ടുപിന്നാലെ നിങ്ങൾക്ക് ഒരു കോൾ ലഭിക്കുന്നു. വിളിക്കുന്നയാൾ വളരെ വിഷമത്തിലോ കരയുന്ന പോലെയോ സംസാരിക്കും. അബദ്ധത്തിൽ നിങ്ങളുടെ നമ്പറിലേക്ക് പണം അയച്ചതാണെന്നും, ആശുപത്രി ആവശ്യത്തിനോ ബില്ലടയ്ക്കാനോ ആ പണം അടിയന്തരമായി തിരികെ വേണമെന്നും അവർ അപേക്ഷിക്കും.
- ശ്രദ്ധ തിരിക്കൽ: സംസാരിച്ചുകൊണ്ടിരിക്കെ, പണം അക്കൗണ്ടിൽ വന്നോ എന്ന് പരിശോധിക്കാൻ “ആപ്പ് അല്ലെങ്കിൽ SMS തുറക്കാൻ അവർ ആവശ്യപ്പെടും“. തട്ടിപ്പുകാരൻ നിങ്ങളെ ബോധ്യപ്പെടുത്താനായി കെട്ടിച്ചമച്ച കഥയനുസരിച്ച്, “XYZ ബാങ്കിൽ നിന്നുള്ള റീഫണ്ട്”, “ABC സ്റ്റോറിൽ നിന്നുള്ള ക്യാഷ്ബാക്ക്” അല്ലെങ്കിൽ “കമ്പനി പേറോളിൽ നിന്നുള്ള നിക്ഷേപം” എന്നിങ്ങനെയായിരിക്കും മെസേജിൽ കാണുക.
- അംഗീകാരം: തട്ടിപ്പുകാർ വലിയൊരു തുകയുടെ (ഉദാഹരണത്തിന് ₹5,000) വ്യാജ QR കോഡ് അല്ലെങ്കിൽ ലിങ്ക് അതിനുശേഷം അയച്ചു തരുന്നു. നിങ്ങൾ കടകളിൽ പണമടയ്‌ക്കുമ്പോഴോ ഓൺലൈനിൽ ഷോപ്പുചെയ്യുമ്പോഴോ കാണുന്നത് പോലെയുള്ള ഒന്നായിരിക്കും ഇത്. മറ്റൊരാളെ സഹായിക്കാനുള്ള തിരക്കിൽ, പണം ലഭിച്ചുവെന്ന് ഉറപ്പുവരുത്താനോ അല്ലെങ്കിൽ തെറ്റായി വന്ന പണം തിരികെ നൽകുകയാണെന്ന ധാരണയിലോ നിങ്ങൾ അറിയാതെ UPI പിൻ നൽകിപ്പോകുന്നു. എന്നാൽ യഥാർത്ഥത്തിൽ, പിൻ നമ്പർ നൽകുന്ന നിമിഷം തന്നെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് വലിയൊരു തുക നഷ്ടപ്പെടുന്നു.
തട്ടിപ്പിന് പിന്നിലെ മനഃശാസ്ത്രം
മനുഷ്യൻ്റെ സഹജമായ ചിന്താഗതികളെ മുതലെടുക്കുന്നത് കൊണ്ടാണ് ഇത്തരം തട്ടിപ്പുകൾ വിജയിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്:
- വിശ്വാസം നേടിയെടുക്കുന്നു: ആദ്യം ചെറിയൊരു തുക യഥാർത്ഥത്തിൽ അയച്ചു നൽകി, തങ്ങൾ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കാൻ തട്ടിപ്പുകാർ ശ്രമിക്കുന്നു.
- കൗതുകവും വിശ്വാസവും മുതലെടുക്കുന്നു: കൗതുകം, വിശ്വാസം, ഡിജിറ്റൽ പേയ്‌മെൻ്റുകളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവയെ ചൂഷണം ചെയ്തുകൊണ്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്. അപ്രതീക്ഷിതമായി പണം ലഭിക്കുമ്പോൾ അത് പരിശോധിക്കാനുള്ള കൗതുകവും, അബദ്ധത്തിൽ വന്ന പണം തിരികെ നൽകാനുള്ള നമ്മുടെ മാന്യതയും ഇവർ മുതലെടുക്കുന്നു.
- ധൃതി പിടിപ്പിക്കുന്നു: ആശുപത്രിയിലെ അടിയന്തിര ആവശ്യം പോലെയുള്ള വിശ്വസനീയമായ കഥകൾ മെനഞ്ഞെടുത്ത് വൈകാരിക തന്ത്രങ്ങളിലൂടെ, ചിന്തിക്കാൻ സമയം നൽകാതെ പെട്ടെന്ന് തീരുമാനമെടുക്കാൻ നിങ്ങളെ നിർബന്ധിക്കുന്നു.
- അറിവില്ലായ്മ: പണം ലഭിക്കാനോ ബാലൻസ് പരിശോധിക്കാനോ UPI പിൻ ആവശ്യമില്ലെന്ന കാര്യം പലർക്കും അറിയില്ല. പണം അയക്കാൻ മാത്രമേ പിൻ ആവശ്യമുള്ളൂ എന്നത് പലരും മറന്നുപോകുന്നു.
ജംപ്‌ഡ് ഡെപോസിറ്റ് തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷനേടാം?
- സാവകാശം കാണിക്കുക: അപ്രതീക്ഷിതമായി പണം ലഭിക്കുകയും തൊട്ടുപിന്നാലെ വെപ്രാളത്തോടെയുള്ള കോൾ വരികയും ചെയ്താൽ എടുത്തുചാടി തീരുമാനമെടുക്കരുത്. തട്ടിപ്പുകാർ അയക്കുന്ന പേയ്‌മെൻ്റ് ലിങ്കുകൾ പലപ്പോഴും 5-10 മിനിറ്റിനുള്ളിൽ കാലഹരണപ്പെടും. അതുകൊണ്ട്, ആപ്പ് തുറക്കുന്നതിന് മുൻപ് ഒരു 15 മിനിറ്റ് കാത്തിരുന്നാൽ തന്നെ ഈ അപകടം ഒഴിവാക്കാം.
- ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിക്കുക: കാത്തിരിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ട്രാൻസാക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ (തുക, പണം സ്വീകരിക്കുന്നയാളിൻ്റെ വിവരങ്ങൾ) കൃത്യമായി പരിശോധിക്കുക. ഏതെങ്കിലും UPI റിക്വസ്റ്റ് സ്വീകരിക്കുമ്പോഴോ അംഗീകരിക്കുമ്പോഴോ, ട്രാൻസാക്ഷൻ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കേണ്ടത് പ്രധാനമാണ്. ഓർക്കുക, പണം ഇങ്ങോട്ട് ലഭിക്കാൻ നിങ്ങളുടെ അനുവാദമോ പിൻ നമ്പറോ ആവശ്യമില്ല.
- ബാങ്കുമായി ബന്ധപ്പെടാൻ പറയുക: ആരെങ്കിലും നിങ്ങൾക്ക് അബദ്ധത്തിൽ പണം അയച്ചുപോയതാണെങ്കിൽ, “തെറ്റായ ക്രെഡിറ്റ്” റിവേഴ്സലിന് അവരുടെ ബാങ്കുമായി ബന്ധപ്പെടാൻ പറയുക. അതാണ് ഔദ്യോഗികവും സുരക്ഷിതവുമായ മാർഗ്ഗം. അല്ലാതെ, അപരിചിതർ അയക്കുന്ന UPI റിക്വസ്റ്റ് വഴി പണം തിരിച്ചയക്കേണ്ട ബാധ്യത നിങ്ങൾക്കില്ല.
- സ്ക്രീൻ ശ്രദ്ധിക്കുക: UPI പിൻ അടിക്കുന്ന പേജിൽ “പണമടയ്ക്കുന്നു” അല്ലെങ്കിൽ “അയയ്ക്കുന്നു” എന്ന് എഴുതിയിട്ടുണ്ടോ എന്ന് നോക്കുക. അത് കണ്ടാൽ ഉടൻ തന്നെ ട്രാൻസാക്ഷൻ നിർത്തിവെക്കുക.
- വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക: PhonePe പോലെയുള്ള, മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള വിശ്വസനീയമായ UPI ആപ്പുകൾ മാത്രം ഉപയോഗിക്കുക.
- പേയ്മെൻ്റ് നോട്ടിഫിക്കേഷനുകൾ ഓണ്‍ ചെയ്യുക: ബാങ്ക് ട്രാൻസാക്ഷനുകളുടെ SMS, ഇമെയിൽ നോട്ടിഫിക്കേഷനുകൾ എപ്പോഴും ഓൺ ചെയ്തു വെക്കുക. അക്കൗണ്ടിൽ നടക്കുന്ന അനധികൃത ട്രാൻസാക്ഷനുകൾ പെട്ടെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും.
നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമം
പണം ഇങ്ങോട്ട് ലഭിക്കാൻ ഒരിക്കലും UPI പിൻ നൽകേണ്ട ആവശ്യമില്ല. അത് റീഫണ്ട് ആയാലും, ക്യാഷ്ബാക്ക് ആയാലും, സമ്മാനമായാലും, ഇനി “അബദ്ധത്തിൽ” വന്ന പണമായാലും ശരി, സ്ക്രീനിൽ പിൻ ചോദിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പോകുന്നു എന്നാണ്.
തട്ടിപ്പിനിരയായാൽ എന്തുചെയ്യണം?
നിങ്ങൾ തട്ടിപ്പിന് ഇരയായെന്ന് സംശയം തോന്നിയാൽ ഒട്ടും സമയം കളയാതെ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുക. ഓരോ നിമിഷവും വിലപ്പെട്ടതാണ്.
PhonePe-യിൽ എങ്ങനെ റിപ്പോർട്ട് ചെയ്യാം:
- PhonePe ആപ്പ്: ‘ഹെൽപ്പ്’ സെക്ഷനിൽ പോയി പരാതി നൽകുക.
- PhonePe കസ്റ്റമർ കെയർ: 80-68727374 / 022-68727374 എന്നീ നമ്പറുകളിൽ വിളിക്കുക
- സോഷ്യൽ മീഡിയ:
- Twitter: PhonePe Support
- Facebook: PhonePe Official
- പരാതി പരിഹാരം: PhonePe-യുടെ പരാതി പരിഹാര പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം.
അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ:
- സൈബർ ക്രൈം സെൽ: സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയോ 1930 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
- ടെലികോം വകുപ്പ് (DOT): സംശയാസ്പദമായ കോളുകൾ, മെസേജുകൾ, WhatsApp/Telegram തട്ടിപ്പുകൾ എന്നിവ സഞ്ചാർ സാത്തി പോർട്ടലിലെ ചക്ഷു സൗകര്യം വഴി റിപ്പോർട്ട് ചെയ്യുക.
പ്രത്യേകം ഓർമ്മിക്കുക — PhonePe ഒരിക്കലും നിങ്ങളുടെ രഹസ്യ വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ ആവശ്യപ്പെടില്ല. phonepe.com എന്ന ഡൊമൈനിൽ നിന്നല്ലാതെ വരുന്ന മെയിലുകൾ, അത് PhonePe-യിൽ നിന്നാണെന്ന് അവകാശപ്പെട്ടാൽ പോലും വിശ്വസിക്കരുത്. തട്ടിപ്പ് നടന്നതായി സംശയം തോന്നിയാൽ ഉടൻ തന്നെ അധികൃതരുമായി ബന്ധപ്പെടുക.
