
Trust & Safety
RBI ഡിജിറ്റൽ ബോധവൽക്കരണ വാരം: സോഷ്യൽ എൻജിനീയറിംഗ് തട്ടിപ്പുകളെ കുറിച്ച് അറിയാം
PhonePe Regional|2 min read|05 May, 2020
വിവരങ്ങൾ പുതുക്കിയത്: മാർച്ച് 12, 2026
നിരപരാധികളെ കബളിപ്പിച്ച് അവരുടെ സുപ്രധാന സാമ്പത്തിക വിവരങ്ങൾ ചോർത്താൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന സങ്കീർണ്ണമായ രീതികളാണ് സോഷ്യൽ എൻജിനീയറിംഗ് തട്ടിപ്പുകൾ. യാതൊരുവിധ ഭീഷണിയോ മാൽവെയറുകളോ ഉപയോഗിക്കാതെ, വ്യക്തികളെ സമർത്ഥമായി തെറ്റിദ്ധരിപ്പിച്ച് അവരെക്കൊണ്ട് തന്നെ വിവരങ്ങൾ പങ്കുവെക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇരകൾക്ക് കാര്യങ്ങൾ ചിന്തിച്ചു മനസ്സിലാക്കാൻ സമയം നൽകാത്ത രീതിയിൽ തട്ടിപ്പുകാർ ഒരു അടിയന്തര സാഹചര്യം സൃഷ്ടിക്കുന്നു. “നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നു” അല്ലെങ്കിൽ “നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ അവസാനിക്കുന്നു” എന്നൊക്കെ പറഞ്ഞ് വ്യാജ SMS-കളോ ഇമെയിലുകളോ അയച്ചാണ് അവർ ഇത്തരം വ്യാജ അടിയന്തര സാഹചര്യങ്ങൾ ഉണ്ടാക്കുന്നത്. നിങ്ങൾ ചിന്തിക്കാതെ പെട്ടെന്ന് പ്രതികരിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.
സോഷ്യൽ എൻജിനീയറിംഗ് തട്ടിപ്പുകളെക്കുറിച്ചും അവയിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം എന്നതിനെക്കുറിച്ചും ഈ ബ്ലോഗ് വിശദമാക്കുന്നു.
എന്താണ് സോഷ്യൽ എൻജിനീയറിംഗ്?
നിങ്ങളുടെ വ്യക്തിപരവും പ്രധാനപ്പെട്ടതുമായ വിവരങ്ങൾ വെളിപ്പെടുത്താനോ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ചെയ്യാനോ തട്ടിപ്പുകാർ നിങ്ങളെ പ്രേരിപ്പിക്കുന്നതിനെയാണ് സോഷ്യൽ എൻജിനീയറിംഗ് എന്ന് പറയുന്നത്. ഭയം, അത്യാഗ്രഹം, സഹതാപം എന്നിവ മുതലെടുത്തോ, അല്ലെങ്കിൽ വ്യാജ കസ്റ്റമർ സപ്പോർട്ട് ചമഞ്ഞോ അവർ നിങ്ങളെക്കൊണ്ട് തെറ്റുകൾ ചെയ്യിപ്പിക്കുന്നു. നിങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാനായി ബാങ്കുകൾ, സർക്കാർ ഏജൻസികൾ, അല്ലെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള ആളുകൾ എന്നിവരുടെ വ്യാജേന ഇവർ നിങ്ങളെ സമീപിക്കുകയും നിങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്നു.
ഏറ്റവും സാധാരണമായ സോഷ്യൽ എൻജിനീയറിംഗ് തട്ടിപ്പ് രീതികളിൽ ഇവ ഉൾപ്പെടുന്നു: വിവരങ്ങൾ ചോർത്തിയെടുക്കാൻ തട്ടിപ്പുകാർ ഇമെയിലുകളോ ടെക്സ്റ്റ് മെസ്സേജുകളോ ഉപയോഗിക്കുന്ന ഫിഷിംഗ്, ഫോൺ കോളുകളിലൂടെ ഇരകളെ വലയിലാക്കുന്ന വിഷിംഗ് അല്ലെങ്കിൽ വോയ്‌സ് ഫിഷിംഗ്, കൂടാതെ നിയമപാലകരായി ചമഞ്ഞ് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ വ്യക്തികളെ ഭീഷണിപ്പെടുത്തി ഓൺലൈൻ തടങ്കലിലാക്കുന്ന ഡിജിറ്റൽ അറസ്റ്റ് എന്നിവയാണവ.
സോഷ്യൽ എൻജിനീയറിംഗ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഒരു സാധാരണ സോഷ്യൽ എൻജിനീയറിംഗ് തട്ടിപ്പ് നടക്കുന്നത് ഇങ്ങനെയാണ്:
- നിങ്ങളുടെ അക്കൗണ്ട് വെരിഫൈ ചെയ്യാനാണെന്ന് പറഞ്ഞ്, ബാങ്കിലെ കസ്റ്റമർ സപ്പോർട്ട് പ്രതിനിധിയാണെന്ന വ്യാജേന തട്ടിപ്പുകാരൻ നിങ്ങളെ വിളിക്കുന്നു. ഇത് നിർബന്ധമായും ചെയ്യേണ്ടതാണെന്നും, കോൾ കട്ട് ചെയ്യുന്നതിന് മുൻപ് പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ടിലെ പണം ഉപയോഗിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു.
- നിങ്ങൾ ഇത് വിശ്വസിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ ഡെബിറ്റ് കാർഡ് നമ്പർ, പിൻ, CVV എന്നിവ പങ്കുവെക്കാൻ അവർ ആവശ്യപ്പെടുന്നു.
- തുടർന്ന് വെരിഫിക്കേഷൻ പൂർത്തിയാക്കാൻ വിളിക്കുന്നയാൾ നിങ്ങളോട് OTP നൽകാൻ ആവശ്യപ്പെടുന്നു.
- യഥാർത്ഥത്തിൽ, നിങ്ങൾ OTP നൽകുന്ന നിമിഷം തന്നെ തട്ടിപ്പുകാർ തട്ടിപ്പിൻ്റെ അവസാന ഘട്ടം പൂർത്തിയാക്കുകയും നിങ്ങളുടെ അക്കൗണ്ടിലെ പണം മുഴുവൻ അപഹരിക്കുകയും ചെയ്യുന്നു.
ഓർമ്മിക്കുക: ഒരു യഥാർത്ഥ കസ്റ്റമർ കെയർ പ്രതിനിധി ഒരിക്കലും നിങ്ങളുടെ മുഴുവൻ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങളോ OTP-യോ ചോദിക്കില്ല. അംഗീകൃത ലാൻഡ്‌ലൈൻ നമ്പറുകളിൽ നിന്നായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുന്നത്, അല്ലാതെ മൊബൈൽ നമ്പറുകളിൽ നിന്നായിരിക്കില്ല. നിങ്ങളുടെ ബാങ്കിൻ്റെ ഔദ്യോഗിക ഡൊമെയ്‌നിൽ നിന്നല്ലാത്ത ഇമെയിലുകൾ പൂർണ്ണമായും അവഗണിക്കുക.
സോഷ്യൽ എൻജിനീയറിംഗ് തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം?
- SMS ആയോ മറ്റ് വഴികളിലൂടെയോ ലഭിക്കുന്ന OTP, പിൻ തുടങ്ങിയ സുരക്ഷാ കോഡുകൾ ഒരിക്കലും ആരുമായും പങ്കുവെക്കരുത്. പണം അയക്കാൻ മാത്രമേ പിൻ ആവശ്യമുള്ളൂ, പണം സ്വീകരിക്കാൻ അത് ആവശ്യമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. റീഫണ്ടോ ക്യാഷ്ബാക്കോ ലഭിക്കാൻ ആരെങ്കിലും നിങ്ങളോട് പിൻ നൽകാൻ ആവശ്യപ്പെട്ടാൽ അത് തീർച്ചയായും ഒരു തട്ടിപ്പാണ്.
- നിങ്ങളുടെ അക്കൗണ്ട് നമ്പറോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളോ ഒരിക്കലും പൊതു പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കരുത്. സോഷ്യൽ മീഡിയയിൽ ഒരു പരാതി പോസ്റ്റ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഫോൺ നമ്പറോ വ്യക്തിഗത വിവരങ്ങളോ അതിൽ നൽകരുത്. കാരണം, തട്ടിപ്പുകാർ ഇത്തരം പോസ്റ്റുകൾ എപ്പോഴും നിരീക്ഷിക്കുന്നുണ്ടാകും.
- ബാങ്കിൽ നിന്നാണെന്ന് അവകാശപ്പെട്ട് അപരിചിതമായ നമ്പറിൽ നിന്ന് വിളിച്ച് വ്യക്തിവിവരങ്ങൾ ചോദിച്ചാൽ, അവരോട് സംസാരിക്കാൻ നിൽക്കാതെ ഉടൻ തന്നെ കോൾ കട്ട് ചെയ്യുക.
- ഇമെയിലുകൾ ലഭിക്കുമ്പോൾ അത് അയച്ചയാളുടെ ഡൊമെയ്ൻ കൃത്യമായി പരിശോധിക്കുക. [XYZ]@gmail.com അല്ലെങ്കിൽ മറ്റേതെങ്കിലും സാധാരണ ഡൊമെയ്‌ൻ ആണെങ്കിൽ, ആ മെയിൽ അവഗണിക്കുക. ബാങ്കിൽ നിന്നുള്ള എല്ലാ ഔദ്യോഗിക സന്ദേശങ്ങളും സുരക്ഷിതമായ ഡൊമെയ്‌നുകളിൽ നിന്നാണ് വരുന്നത്.
- നിങ്ങളുടെ ഫോണിൻ്റെയോ കമ്പ്യൂട്ടറിൻ്റെയോ സ്ക്രീൻ മറ്റൊരാൾക്ക് ഷെയർ ചെയ്ത് നൽകരുത്. സ്ക്രീൻ ഷെയർ ചെയ്യാനോ റിമോട്ട് ആക്‌സസ്സ് നൽകുന്നതിനോ ഒരു ബാങ്കോ സർവ്വീസ് പ്രൊവൈഡറോ ഒരിക്കലും നിങ്ങളോട് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടില്ല.
- ഏതെങ്കിലും സബ്‌സ്‌ക്രിപ്‌ഷനോ മാൻഡേറ്റിലോ ഓട്ടോപേ അഭ്യർത്ഥനയിലോ അപ്രൂവ് ക്ലിക്ക് ചെയ്യുന്നതിന് മുൻപ്, പണം ഈടാക്കുന്ന മർച്ചൻ്റിൻ്റെ പേരും തുകയും കൃത്യമായി പരിശോധിക്കുക. നിങ്ങൾ ആരംഭിക്കാത്ത ഒരു സബ്‌സ്‌ക്രിപ്‌ഷൻ ആണെങ്കിൽ, അത് ഉടൻ തന്നെ നിരസിക്കുക.
സുരക്ഷിതമായി ട്രാൻസാക്ഷനുകൾ നടത്തുന്നതിനെക്കുറിച്ചുള്ള വീഡിയോ കാണുക: https://youtu.be/rHZ57O9X8kk
PhonePe-യിൽ എങ്ങനെ റിപ്പോർട്ട് ചെയ്യാം:
- PhonePe ആപ്പ്: ‘ഹെൽപ്പ്’ സെക്ഷനിൽ പോയി പരാതി നൽകുക.
- PhonePe കസ്റ്റമർ കെയർ: 80-68727374 / 022-68727374 എന്നീ നമ്പറുകളിൽ വിളിക്കുക
- സോഷ്യൽ മീഡിയ:
- Twitter: PhonePe Support
- Facebook: PhonePe Official
- പരാതി പരിഹാരം: PhonePe-യുടെ പരാതി പരിഹാര പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം.
അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ:
- സൈബർ ക്രൈം സെൽ: സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയോ 1930 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
- ടെലികോം വകുപ്പ് (DOT): സംശയാസ്പദമായ കോളുകൾ, മെസേജുകൾ, WhatsApp/Telegram തട്ടിപ്പുകൾ എന്നിവ സഞ്ചാർ സാത്തി പോർട്ടലിലെ ചക്ഷു സൗകര്യം വഴി റിപ്പോർട്ട് ചെയ്യുക.
പ്രത്യേകം ഓർമ്മിക്കുക — PhonePe ഒരിക്കലും നിങ്ങളുടെ രഹസ്യ വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ ആവശ്യപ്പെടില്ല. phonepe.com എന്ന ഡൊമൈനിൽ നിന്നല്ലാതെ വരുന്ന മെയിലുകൾ, അത് PhonePe-യിൽ നിന്നാണെന്ന് അവകാശപ്പെട്ടാൽ പോലും വിശ്വസിക്കരുത്. തട്ടിപ്പ് നടന്നതായി സംശയം തോന്നിയാൽ ഉടൻ തന്നെ അധികൃതരുമായി ബന്ധപ്പെടുക.
