PhonePe Blogs Main Featured Image

Trust & Safety

ഓൺലൈൻ ഷോപ്പിംഗ് സുരക്ഷിതമാക്കാം: വ്യാജ വെബ്സൈറ്റുകളും തട്ടിപ്പ് പരസ്യങ്ങളും തിരിച്ചറിയാം, ഒഴിവാക്കാം

PhonePe Regional|3 min read|19 September, 2025

URL copied to clipboard

ഓൺലൈൻ ഷോപ്പിംഗ് വ്യത്യസ്ത ആളുകളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നവയാണ് – ചിലർക്ക് അതൊരു തെറാപ്പിയാണെങ്കിൽ, തിരക്കുള്ള ഒരു എക്സിക്യൂട്ടീവിന് കടകളിൽ പോകാതെ വേഗം സാധനങ്ങൾ വാങ്ങാനുള്ള ബദൽ മാർഗമാണിത്. സ്കൂൾ ആവശ്യങ്ങൾക്കുള്ള വസ്ത്രങ്ങളും മറ്റ് വസ്തുക്കളും തിരയുന്ന അമ്മമാർക്കും, കൂട്ടുകാർക്ക് അവസാന നിമിഷം സമ്മാനം വാങ്ങുന്നവർക്കും ഓൺലൈൻ ഷോപ്പിംഗ് വലിയൊരു സഹായമാണ്. ചുരുക്കത്തിൽ, നമ്മുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും സാധനങ്ങൾ വാങ്ങുന്ന രീതിയെ ഓൺലൈൻ ഷോപ്പിംഗ് മാറ്റിമറിച്ചു.  എന്നാൽ നിർഭാഗ്യവശാൽ, ഈ സൗകര്യത്തിന് ഒരു മറുവശവുമുണ്ട് – ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പ്.

സൈബർ കുറ്റവാളികൾ വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പരസ്യങ്ങളും ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച് സ്വകാര്യ വിവരങ്ങൾ ചോർത്തുകയും, ഇല്ലാത്ത ഉൽപ്പന്നങ്ങൾക്കായി ഉപയോക്താക്കളെക്കൊണ്ട്  പണം അടയ്പ്പിക്കുകയും ചെയ്യുന്നു.  ഈ തട്ടിപ്പുകൾ വളരെ വിശ്വസനീയമായി തോന്നുന്നതിനാൽ, ഒറ്റനോട്ടത്തിൽ ഇവ തിരിച്ചറിയാൻ പ്രയാസമാണ്.

ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾ നൂറോ ആയിരമോ രൂപ നഷ്ടപ്പെടുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, അതിന് ദീർഘകാല  പ്രത്യാഘാതങ്ങൾ ഉണ്ടാവാം:

  • സാമ്പത്തിക നഷ്ടം: ഒരിക്കൽ പണം കൈമാറിയാൽ അത് തിരികെ ലഭിക്കാൻ സാധ്യത വളരെ കുറവാണ്
  • ഡാറ്റ മോഷണം: തട്ടിപ്പ് വെബ്സൈറ്റുകൾക്ക് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയും.
  • ബ്രാൻഡ് ഇമേജ്: അത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർ, അത് ഒരു യഥാർത്ഥ ഇടപാടാണെങ്കിൽ പോലും, അതേ ബ്രാൻഡോ പേയ്‌മെൻ്റ് ഗേറ്റ്‌വേയോ വീണ്ടും ഉപയോഗിക്കാൻ മടിക്കും.

നമ്മുടെ വിശ്വാസത്തെയും, നല്ല ഓഫറുകൾ ലഭിക്കാനുള്ള ആഗ്രഹത്തെയും മുതലെടുത്താണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. ഈ തട്ടിപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നും അതിൽ നിന്ന് എങ്ങനെ സ്വയം രക്ഷ നേടാമെന്നും മനസ്സിലാക്കാം.

ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നു?

1. സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ

തട്ടിപ്പുകാർ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നു. അവർ സാധാരണയായി:

  • പ്രശസ്തമായ ബ്രാൻഡുകളായി സ്വയം അവതരിപ്പിക്കുന്നു.
  • വിശ്വസിക്കാൻ കഴിയാത്തത്ര വലിയ “കിഴിവുകൾ” വാഗ്ദാനം ചെയ്യുന്നു.
  • മോഷ്ടിച്ച ഉൽപ്പന്നങ്ങളുടെ ചിത്രങ്ങളും വ്യാജ റിവ്യൂകളും ഉപയോഗിക്കുന്നു.
  • UPI അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ വഴി മുൻകൂട്ടി പണം ആവശ്യപ്പെടുകയും, പണം ലഭിച്ച ശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

ഉദാഹരണത്തിന്, ഒരു വ്യാജ സോഷ്യൽ മീഡിയ പേജിൽ പ്രശസ്തമായ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ പകുതി വിലയ്ക്ക് വിൽക്കാൻ വെക്കും. പണം കൈമാറിക്കഴിഞ്ഞാൽ, ആ അക്കൗണ്ട് ഉപഭോക്താവിനെ ബ്ലോക്ക് ചെയ്യുകയോ അല്ലെങ്കിൽ ആ അക്കൗണ്ട് തന്നെ ഇല്ലാതാക്കുകയോ ചെയ്യും.

2. വ്യാജ വെബ്സൈറ്റുകൾ

യഥാർത്ഥ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ പോലെ തോന്നിക്കുന്ന രീതിയിലാണ് വ്യാജ വെബ്സൈറ്റുകൾ രൂപകൽപ്പന ചെയ്യുന്നത്. അവ:

  • യഥാർത്ഥ സൈറ്റുകൾക്ക് സമാനമായ ഡൊമൈൻ പേരുകൾ ഉപയോഗിക്കുന്നു (ഉദാഹരണത്തിന് xyz.in-ന് പകരം xYz.in).
  • ഉപഭോക്താക്കളെ ആകർഷിക്കാൻ അവിശ്വസനീയമായ വിലയിൽ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു.
  • സുരക്ഷിതമല്ലാത്ത പേയ്‌മെൻ്റ് ഗേറ്റ്‌വേകൾ ഉപയോഗിച്ച്  നിങ്ങളുടെ ബാങ്ക് വിവരങ്ങൾ അപകടത്തിലാക്കുന്നു.
  • വ്യാജ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുകയോ ഒന്നും തന്നെ നൽകാതിരിക്കുകയോ ചെയ്യുന്നു.

വെബ്സൈറ്റിൻ്റെ ആധികാരികത, സാധനങ്ങൾ തിരികെ നൽകാനുള്ള പോളിസികൾ, അല്ലെങ്കിൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ഉപഭോക്താക്കൾ ശ്രദ്ധിക്കില്ല എന്ന വിശ്വാസത്തിലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.

അറിഞ്ഞിരിക്കേണ്ട ചില അപകട സൂചനകൾ

സാധാരണയായി കാണുന്ന ചില അപകട സൂചനകൾ ശ്രദ്ധിക്കുന്നത് ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കും. ചില മുന്നറിയിപ്പ് സൂചനകൾ താഴെക്കൊടുക്കുന്നു:

  1. അവിശ്വസനീയമായ കിഴിവുകൾ: ഒരു ഓഫർ വിശ്വസിക്കാൻ കഴിയാത്തത്ര ആകർഷകമാണെങ്കിൽ, അത് ഒരുപക്ഷേ തട്ടിപ്പായിരിക്കാം.
  2. ക്യാഷ് ഓൺ ഡെലിവറി (COD) ഇല്ല: തട്ടിപ്പുകാർ മുൻകൂറായി പണം നൽകാൻ മാത്രമാണ് ആവശ്യപ്പെടുന്നത്.
  3. സംശയാസ്പദമായ വെബ്സൈറ്റ് ഡിസൈൻ: മോശം ഗ്രാമർ, വ്യക്തമല്ലാത്ത ചിത്രങ്ങൾ, അല്ലെങ്കിൽ പ്രവർത്തിക്കാത്ത ലിങ്കുകൾ എന്നിവയെല്ലാം തട്ടിപ്പ് വെബ്സൈറ്റിന്റെ സൂചനകളാണ്.
  4. വേരിഫൈ ചെയ്യാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ: ബ്ലൂ ടിക്കുകൾ ഉണ്ടോയെന്നും, യഥാർത്ഥ ഫോളോവേഴ്സിൻ്റെ എണ്ണം എത്രയാണെന്നും പരിശോധിക്കുക.
  5. കസ്റ്റമർ സപ്പോർട്ട് ഇല്ല: യഥാർത്ഥ സ്ഥാപനങ്ങൾക്ക് വ്യക്തമായ റിട്ടേൺ/എക്സ്ചേഞ്ച് നയങ്ങളും കൃത്യമായ കസ്റ്റമർ സർവീസും ഉണ്ടായിരിക്കും.

തട്ടിപ്പിൽ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാം?

തട്ടിപ്പുകാർ കൂടുതൽ സൂക്ഷ്മമായ തട്ടിപ്പ് രീതികൾ ഉപയോഗിക്കുമ്പോഴും, സ്വയം സംരക്ഷിക്കാൻ നിങ്ങൾക്ക് നിരവധി മാർഗ്ഗങ്ങളുണ്ട്:

  1. വാങ്ങുന്നതിന് മുൻപ് ഉറപ്പ് വരുത്തുക: വിൽപ്പനക്കാരനെക്കുറിച്ചോ വെബ്സൈറ്റിനെക്കുറിച്ചോ എപ്പോഴും വിവരങ്ങൾ അന്വേഷിക്കുക. ഗൂഗിൾ സെർച്ച് ചെയ്താൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും.
  2. വെബ്സൈറ്റ് സുരക്ഷ പരിശോധിക്കുക: പണമടയ്ക്കുന്നതിന് മുൻപ്, വെബ്സൈറ്റിൻ്റെ URL-ൽ https:// ഉണ്ടോ എന്നും, ഒരു പാഡ്‌ലോക്ക് ചിഹ്നം ഉണ്ടോ എന്നും ഉറപ്പാക്കുക.
  3. വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുക: പ്രശസ്തമായ ഇ-കൊമേഴ്‌സ് ആപ്പുകളും വെബ്സൈറ്റുകളും മാത്രം ഉപയോഗിക്കുക.
  4. സോഷ്യൽ മീഡിയയിൽ ജാഗ്രത പാലിക്കുക: സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ പേജുകളെയും പരസ്യങ്ങളെയും കണ്ണുമടച്ച് വിശ്വസിക്കരുത്. അക്കൗണ്ടിൻ്റെ ആധികാരികത പരിശോധിക്കുക.
  5. സംശയാസ്പദമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുക: വ്യാജ പേജുകൾ സംബന്ധിച്ച് അതുമായി ബന്ധപ്പെട്ട ഡൊമൈനുകളിൽ റിപ്പോർട്ട് ചെയ്യുക, കൂടാതെ സർക്കാരിൻ്റെ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുക.

ഓർക്കുക, യഥാർത്ഥ ബിസിനസുകൾ സുതാര്യതയ്ക്കും, സുരക്ഷിതമായ പേയ്‌മെൻ്റ് ഓപ്ഷനുകൾക്കും  വില നൽകുന്നു.  കൂടാതെ വേഗത്തിൽ പണമടയ്ക്കാൻ നിങ്ങളെ നിർബന്ധിക്കുകയുമില്ല.

അടുത്ത തവണ സോഷ്യൽ മീഡിയയിലോ കേട്ടുകേൾവിയില്ലാത്ത ഏതെങ്കിലും വെബ്സൈറ്റിലോ വിശ്വസിക്കാൻ കഴിയാത്തത്ര വിലക്കിഴിവിൽ ഡീലുകൾ കാണുമ്പോൾ, ‘ഇപ്പോൾ വാങ്ങുക’ എന്ന ബട്ടൺ അമർത്തുന്നതിന് മുൻപ് ഒരു നിമിഷം നിർത്തി, ആധികാരികത ഉറപ്പുവരുത്തി, രണ്ട് വട്ടം ചിന്തിച്ച ശേഷം മാത്രം അമർത്തുക.

PhonePe-യിൽ ഒരു തട്ടിപ്പ് എങ്ങനെ റിപ്പോർട്ട് ചെയ്യാം?

നിങ്ങൾ PhonePe വഴി ഒരു തട്ടിപ്പിനിരയായാൽ, ഒരു പരാതി നൽകുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ഏതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിക്കാം:

1. PhonePe ആപ്പ്: ഹെൽപ്പ് വിഭാഗത്തിലേക്ക് പോയി ഇടപാടിൽ ഒരു പ്രശ്നമുണ്ട് എന്നതിൽ നിങ്ങളുടെ പരാതി രേഖപ്പെടുത്താവുന്നതാണ്.

2. PhonePe കസ്റ്റമർ കെയർ നമ്പർ: 80–68727374 / 022–68727374 എന്ന PhonePe കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് പ്രശ്നം ഉന്നയിക്കാവുന്നതാണ്, അതിന് ശേഷം കസ്റ്റമർ കെയർ ഏജൻ്റ് ഒരു ടിക്കറ്റ് ക്രിയേറ്റ് ചെയ്ത് നിങ്ങളുടെ പ്രശ്നത്തിൽ സഹായിക്കുന്നതാണ്.

3. സോഷ്യൽ മീഡിയ: ഈ പ്ലാറ്റ്‌ഫോമുകളിൽ നിങ്ങൾക്ക് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാം.

Twitter — https://twitter.com/PhonePeSupport

Facebook — https://www.facebook.com/OfficialPhonePe

4. പരാതി: നിലവിലുള്ള പരാതിയിൽ തുടർനടപടികൾക്കായി https://grievance.phonepe.com/ എന്ന വെബ്സൈറ്റിൽ കയറി നേരത്തെ ലഭിച്ച ടിക്കറ്റ് ഐഡി നൽകുക.

5. സൈബർ സെൽ: നിങ്ങളുടെ അടുത്തുള്ള സൈബർ ക്രൈം സെല്ലിൽ നേരിട്ട് പരാതി നൽകുകയോ അല്ലെങ്കിൽ https://www.cybercrime.gov.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. 1930 എന്ന സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചും അവരെ ബന്ധപ്പെടാം.

പ്രധാന അറിയിപ്പ്— PhonePe ഒരിക്കലും രഹസ്യമോ വ്യക്തിഗതമായതോ ആയ വിവരങ്ങൾ ആവശ്യപ്പെടില്ല. phonepe.com ഡൊമെയ്‌നിൽ നിന്നല്ലാത്ത ഇമെയിലുകൾ PhonePe-യിൽ നിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് വന്നാൽ അവയെല്ലാം അവഗണിക്കുക. നിങ്ങൾ എന്തെങ്കിലും തട്ടിപ്പ് സംശയിക്കുന്നുണ്ടെങ്കിൽ, ഉടൻ തന്നെ അധികാരികളുമായി ബന്ധപ്പെടുക.

Keep Reading