
Trust & Safety
ക്യാഷ് ഓൺ ഡെലിവറി (COD) തട്ടിപ്പുകൾ: എങ്ങനെ ജാഗ്രതയോടെയും സുരക്ഷിതമായും ഷോപ്പിംഗ് നടത്താം
momitajaiswal3|4 min read|18 November, 2026
കൊറോണ കാലത്തിന് ശേഷം ഓൺലൈൻ ഷോപ്പിംഗിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത് യഥാർത്ഥ ബിസിനസ്സുകളുടെ വളർച്ചയ്ക്ക് കാരണമായതിനൊപ്പം തന്നെ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കാനും വഴിയൊരുക്കി. ഓൺലൈൻ പണമിടപാടുകൾക്ക് മടിക്കുന്നവർ കൂടുതലായും ക്യാഷ് ഓൺ ഡെലിവറിയാണ് (COD) തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരും ഇപ്പോൾ ഈ രീതി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടുതൽ ആളുകൾ തങ്ങളുടെ ആവശ്യങ്ങൾക്കായി ഓൺലൈൻ ഷോപ്പിംഗിലേക്ക് തിരിയുമ്പോൾ, ക്യാഷ് ഓൺ ഡെലിവറി എന്ന പേയ്മെൻ്റ് രീതിക്ക് പിന്നിലുള്ള അപകടസാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഇതിൻ്റെ യഥാർത്ഥ അർത്ഥം:
ഡെലിവറികളും ക്യാഷ് ഓൺ ഡെലിവറി (COD) ഓർഡറുകളും പ്രധാനമായും മനുഷ്യർ തമ്മിലുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. തട്ടിപ്പുകാർ ഇവയെ ലക്ഷ്യമിടാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.
ഔദ്യോഗിക കൊറിയർ കമ്പനികളുടെ പേരോ വ്യാജ ബ്രാൻഡിംഗുകളോ ഉപയോഗിച്ച് തട്ടിപ്പുകാർ നിങ്ങളെ സമീപിക്കും. വേഗത്തിൽ പണം നൽകാനോ വ്യക്തിഗത വിവരങ്ങൾ കൈമാറാനോ നിങ്ങളെ നിർബന്ധിക്കുന്ന തരത്തിൽ വ്യാജ കാരണങ്ങൾ അവർ സൃഷ്ടിച്ചേക്കാം. ഒരു ഡെലിവറി ചെയ്യുമ്പോൾ നിങ്ങളുടെ വീട്ടുപടിക്കൽ വെച്ച് അവർ ഉണ്ടാക്കുന്ന ഈ തിരക്കും സമ്മർദ്ദവും, വളരെ ശ്രദ്ധയോടെ ഡിജിറ്റൽ പേയ്മെൻ്റുകൾ നടത്തുന്നവരെപ്പോലും ഇത്തരം തട്ടിപ്പുകളിൽ വീഴ്ത്താൻ കാരണമാകുന്നു.
ക്യാഷ് ഓൺ ഡെലിവറി തട്ടിപ്പുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഇതെല്ലാം മനുഷ്യൻ്റെ അടിസ്ഥാനപരമായ മനഃശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആളുകളിൽ പെട്ടെന്നൊരു പരിഭ്രാന്തിയും അടിയന്തിര സാഹചര്യവും സൃഷ്ടിക്കാൻ തട്ടിപ്പുകാർ ‘സോഷ്യൽ എഞ്ചിനീയറിംഗ്’ തന്ത്രങ്ങൾ ഉപയോഗിക്കുന്നു. കാര്യങ്ങൾ രണ്ടാമതൊന്ന് പരിശോധിക്കാൻ നിന്നാൽ വലിയ നഷ്ടം സംഭവിക്കുമെന്ന തെറ്റായ ധാരണ അവർ ആളുകളിൽ ഉണ്ടാക്കുന്നു. ലാഭകരമായ ഒരു ഓഫർ നഷ്ടപ്പെടുമോ എന്ന ഭയമോ, അല്ലെങ്കിൽ കാത്തിരുന്ന ഒരു പാഴ്സൽ തിരികെ പോകുമോ എന്ന ആശങ്കയോ മുതലെടുത്താണ് അവർ ഈ ചതി നടപ്പിലാക്കുന്നത്. ഈ തിരക്കിനിടയിൽ, സാധാരണയായി നാം നടത്താറുള്ള സുരക്ഷാ പരിശോധനകൾ മിക്കവരും വിട്ടുപോകുന്നു.
ഇന്ന് തട്ടിപ്പുകാർ ഉപയോഗിക്കുന്ന ചില സാധാരണ ഡെലിവറി, പേയ്മെൻ്റ് ചതിക്കുഴികൾ താഴെ പറയുന്നവയാണ്:
1. വ്യാജ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളും കൂട്ടുനിൽക്കുന്ന കൊറിയറുകാരും
നിങ്ങൾ ഓർഡർ ചെയ്യാത്ത ഒരു “ക്യാഷ് ഓൺ ഡെലിവറി” പാഴ്സൽ തട്ടിപ്പുകാരൻ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നു. ആദ്യം പണം അടയ്ക്കാതെ പാഴ്സൽ തുറക്കാനോ പരിശോധിക്കാനോ കൊറിയർ ജീവനക്കാരൻ അനുവദിക്കില്ല. തുടർന്ന്, ഔദ്യോഗിക കമ്പനികളുടെ ലോഗോ പ്രിൻ്റ് ചെയ്ത ഒരു QR കോഡ് അയാൾ നിങ്ങൾക്ക് നൽകുന്നു. നിങ്ങൾ ഇത് സ്കാൻ ചെയ്ത് പണമടയ്ക്കുന്ന നിമിഷം, പണം നേരിട്ട് തട്ടിപ്പുകാരൻ്റെ സ്വകാര്യ അക്കൗണ്ടിലേക്ക് പോകുന്നു. അവസാനം നിങ്ങൾക്ക് ലഭിക്കുന്നത് ഒന്നുമില്ലാത്ത ഒരു കാലി പാഴ്സലായിരിക്കും.
2. ഉയർന്ന മൂല്യമുള്ള സാധനങ്ങൾക്ക് “മുൻകൂർ പണം” വാങ്ങുന്ന തട്ടിപ്പുകൾ
വലിയ വിലയുള്ള ഉൽപ്പന്നങ്ങൾ അവിശ്വസനീയമായ വിലക്കുറവിൽ തട്ടിപ്പുകാർ പരസ്യം ചെയ്യുന്നു. ഇത് കണ്ട് ആകൃഷ്ടരാകുന്ന ഉപഭോക്താക്കളെക്കൊണ്ട് വലിയ അളവിൽ പ്രീ-പെയ്ഡ് ആയോ ക്യാഷ് ഓൺ ഡെലിവറി ആയോ സാധനങ്ങൾ ഓർഡർ ചെയ്യിപ്പിക്കുന്നു. എന്നാൽ ലഭിക്കുന്ന പാഴ്സലിൽ വിലയില്ലാത്ത പാഴ്വസ്തുക്കൾ മാത്രമാണുണ്ടാവുക. പണം കൈപ്പറ്റിക്കഴിഞ്ഞാൽ, വിൽപനക്കാരൻ ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.
ക്യാഷ് ഓൺ ഡെലിവറി തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ട സാഹചര്യങ്ങൾ:
സാഹചര്യം 1: ഓർഡർ ചെയ്യാതെ വരുന്ന ക്യാഷ് ഓണ് ഡെലിവറി ചതിക്കുഴി
സീമ ഓഫീസിൽ തിരക്കിലായിരിക്കുമ്പോൾ ഒരു ഡെലിവറി ഏജൻ്റ് അവരുടെ വീട്ടിലേക്ക് വരുന്നു. വീട്ടിൽ തനിച്ചായിരുന്ന അമ്മയാണ് വാതിൽ തുറക്കുന്നത്. പാഴ്സലിലെ ഷിപ്പിംഗ് ലേബലിൽ സീമയുടെ പേരും ഫോൺ നമ്പറും വിലാസവും കൃത്യമായി പ്രിൻ്റ് ചെയ്തിരിക്കുന്നത് കണ്ട്, മകൾ ഓർഡർ ചെയ്ത സാധനമായിരിക്കുമെന്ന് അമ്മ കരുതുന്നു. തുടർന്ന്, UPI വഴി ₹800 നൽകി അമ്മ ആ പാഴ്സൽ കൈപ്പറ്റുന്നു. പിന്നീട് ഇക്കാര്യം അറിഞ്ഞ സീമ തൻ്റെ ഓർഡർ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് താൻ അങ്ങനെയൊരു സാധനം വാങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കുന്നത്. പാഴ്സൽ തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ വിലകുറഞ്ഞതും കാലാവധി കഴിഞ്ഞതുമായ സൗന്ദര്യവർദ്ധക വസ്തുക്കളാണ് ഉണ്ടായിരുന്നത്.
സാഹചര്യം 2: യഥാർത്ഥ ഓർഡർ വഴിതിരിച്ചുവിടുന്ന തട്ടിപ്പ്
സ്ഥിരമായി ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്ന ആരതി, അധികം പരിചയമില്ലാത്ത ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റിൽ നിന്നും ക്യാഷ് ഓൺ ഡെലിവറി വഴി ചില സാധനങ്ങൾ ഓർഡർ ചെയ്യുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവൾ ഓഫീസിലായിരിക്കുമ്പോൾ “ഡെലിവറിക്ക് പുറത്താണ്” എന്ന സന്ദേശവും പരിചയമില്ലാത്ത ഒരു കൊറിയർ സർവീസിൽ നിന്നും ഫോൺ കോളും ലഭിക്കുന്നു. മുൻകൂട്ടി പണം നൽകുന്ന ശീലമുള്ളതിനാൽ, UPI QR കോഡ് അയച്ചു നൽകാൻ അവൾ ഏജൻ്റിനോട് ആവശ്യപ്പെടുകയും പണമടച്ച ശേഷം പാഴ്സൽ ബിൽഡിംഗ് സെക്യൂരിറ്റിയെ ഏൽപ്പിക്കാൻ പറയുകയും ചെയ്യുന്നു. വൈകുന്നേരം വീട്ടിലെത്തി പെട്ടി തുറന്നു നോക്കിയപ്പോൾ, ബില്ലോ മറ്റ് വിവരങ്ങളോ ഇല്ലാതെ വിലയില്ലാത്ത സാധനങ്ങളാണ് അതിലുണ്ടായിരുന്നത്. തുടർന്ന് ഷോപ്പിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് പരിശോധിച്ചപ്പോഴാണ് തൻ്റെ യഥാർത്ഥ ഓർഡർ ഇപ്പോഴും ട്രാൻസിറ്റിലാണെന്ന് അവൾ തിരിച്ചറിയുന്നത്. അവളുടെ ഷിപ്പിംഗ് വിവരങ്ങൾ ചോർത്തിയെടുത്ത തട്ടിപ്പുകാർ, യഥാർത്ഥ ഓർഡർ എത്തുന്നതിന് മുൻപേ ഒരു വ്യാജ ക്യാഷ് ഓൺ ഡെലിവറി എത്തിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
ഇതിൻ്റെ യഥാർത്ഥ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്?
ഇത്തരം ഡെലിവറി തട്ടിപ്പുകളിൽ വീഴുന്നത് ചെറിയൊരു സാമ്പത്തിക നഷ്ടത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഇതിൻ്റെ പ്രത്യാഘാതങ്ങൾ പ്രധാനമായും മൂന്ന് തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്:
- നേരിട്ടുള്ള സാമ്പത്തിക നഷ്ടം: വിലകുറഞ്ഞ വ്യാജ ഉൽപ്പന്നങ്ങൾക്കോ, ഒഴിഞ്ഞ പെട്ടികൾക്കോ, അല്ലെങ്കിൽ ഒരിക്കലും ലഭിക്കാത്ത ഡിജിറ്റൽ സേവനങ്ങൾക്കോ വേണ്ടി നിങ്ങളുടെ കൈയിലുള്ള പണം നേരിട്ട് നഷ്ടപ്പെടുന്നു.
- അക്കൗണ്ട് സുരക്ഷ നഷ്ടപ്പെടുന്നു: തട്ടിപ്പുകാരുടെ വാക്കുകേട്ട് ഏതെങ്കിലും കോൾ-ഫോർവേഡിംഗ് കോഡുകൾ ഡയൽ ചെയ്യുകയോ OTP പങ്കുവെക്കുകയോ ചെയ്താൽ, അവർക്ക് നിങ്ങളുടെ പ്രധാന ഫോൺ ലൈൻ ഹാക്ക് ചെയ്യാനും WhatsApp കൈക്കലാക്കാനും ബാങ്കിംഗ് ആപ്പുകൾ നിയന്ത്രിക്കാനും സാധിക്കും. ഇത് കൂടുതൽ വലിയ തട്ടിപ്പുകൾക്ക് വഴിവെക്കും.
- ഡിജിറ്റൽ പണമിടപാടുകളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു: എളുപ്പത്തിൽ ‘ചാർജ്ബാക്ക്’ ലഭിക്കുന്ന ക്രെഡിറ്റ് .കാർഡ് ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി, തൽക്ഷണം നടക്കുന്ന UPI പേയ്മെൻ്റുകൾ അന്തിമമാണ്. ഒരിക്കൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ അത് തിരികെ ലഭിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. ഇത് ഡിജിറ്റൽ പേയ്മെൻ്റുകൾ നൽകേണ്ട സൗകര്യത്തെയും മനസ്സമാധാനത്തെയും ഇല്ലാതാക്കുന്നു.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി ഉയർന്ന അപകടസാധ്യതയുള്ള നമ്പറുകളെക്കുറിച്ചോ വ്യാപാരികളുടെ പേരിലുള്ള വ്യത്യാസങ്ങളെക്കുറിച്ചോ PhonePe പോലുള്ള ആപ്പുകൾ മുന്നറിയിപ്പുകൾ നൽകാറുണ്ട്. എന്നാൽ ഇടപാട് പൂർത്തിയാക്കുന്നതിന് മുൻപ് ഉപയോക്താക്കൾ ഒന്ന് നിർത്തി ഈ മുന്നറിയിപ്പുകൾ വായിച്ചു നോക്കിയാൽ മാത്രമേ ഇവ ഫലപ്രദമാകൂ.
എങ്ങനെ സ്വയം സംരക്ഷിക്കാം, തട്ടിപ്പുകാരിൽ നിന്ന് ഒരു പടി മുന്നിൽ നിൽക്കാം
സുരക്ഷിതരായിരിക്കാൻ വേണ്ടി നിങ്ങൾ ഓൺലൈൻ ഷോപ്പിംഗിൻ്റെ സൗകര്യങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. കുറച്ച് ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം നിങ്ങളുടെ പണവും വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും
- അനാവശ്യ തിരക്ക് കൂട്ടുന്നത് അപായസൂചനയായി കാണു. ഈ നിമിഷം തന്നെ പണമടച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നോ ഓർഡർ റദ്ദാകുമെന്നോ ഒരു ഡെലിവറി ഡ്രൈവറോ “സപ്പോർട്ട് ഏജൻ്റോ” നിർബന്ധിച്ചാൽ ഒന്ന് നിർത്തി ചിന്തിക്കുക. നിങ്ങളെക്കൊണ്ട് തിടുക്കത്തിൽ തീരുമാനമെടുപ്പിക്കുക എന്നതാണ് തട്ടിപ്പുകാരുടെ ഏറ്റവും വലിയ ആയുധം
- ഡെലിവറി വിവരങ്ങൾക്കായി വെബ്സൈറ്റ് പരിശോധിക്കുകയും, ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ മാത്രം ഓർഡറിൻ്റെ നിലവിലുള്ള സ്റ്റാറ്റസ് ഉറപ്പുവരുത്തുകയും ചെയ്യുക.
- നിങ്ങൾ ഓർഡർ ചെയ്യാത്ത സാധനങ്ങളുടെ COD സന്ദേശങ്ങൾ ലഭിച്ചാൽ അവ അവഗണിക്കാതെ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുക. മറ്റാരെങ്കിലും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്തിരിക്കാൻ സാധ്യതയുണ്ട്.
- പാഴ്സൽ നേരിട്ട് കൈയിൽ കിട്ടുകയും അതിനുള്ളിലെ സാധനങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യാതെ ഒരിക്കലും ക്യാഷ് ഓൺ ഡെലിവറി പേയ്മെൻ്റ് നടത്തരുത്.
- പണം സ്വീകരിക്കുന്നയാളുടെ പേര് ഉറപ്പുവരുത്തുക. “പണമടയ്ക്കുക” ബട്ടൺ അമർത്തുന്നതിന് മുൻപ്, പണം പോകുന്നത് അംഗീകൃത കമ്പനിയുടെ അക്കൗണ്ടിലേക്കാണോ അതോ ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ UPI ഐഡിയിലേക്കാണോ എന്ന് കൺഫർമേഷൻ സ്ക്രീനിൽ കൃത്യമായി പരിശോധിക്കുക.
- ആപ്പിലെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. നിങ്ങളുടെ ബാങ്കിംഗ് ആപ്പിൽ നിന്ന് വരുന്ന സുരക്ഷാ മുന്നറിയിപ്പുകൾ വെറുതെ അവഗണിക്കരുത്. അപകടസാധ്യതയുള്ളത് കൊണ്ടാകാം അവർ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
- വലിയ തുകകൾ അയക്കുമ്പോൾ വീണ്ടും പരിശോധിക്കു. വലിയൊരു തുകയാണ് നിങ്ങൾ അടയ്ക്കുന്നതെങ്കിൽ, ചാറ്റ് വിൻഡോയിൽ നിന്ന് പുറത്തുവന്ന് പണം സ്വീകരിക്കുന്നയാളുടെ വിവരങ്ങളും തുകയും സ്വന്തമായി ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തുക.
- വിശ്വാസ്യത കുറഞ്ഞതും അധികം പരിചയമില്ലാത്തതുമായ വെബ്സൈറ്റുകളിലൂടെ ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കുക. വെബ്സൈറ്റിൻ്റെ പേര് ഇൻ്റർനെറ്റിൽ തിരഞ്ഞും മറ്റ് ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ വായിച്ചും അവയുടെ വിശ്വാസ്യത ഉറപ്പുവരുത്താവുന്നതാണ്.
നിങ്ങൾ തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണം?
നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിനിരയായെന്ന് സംശയം തോന്നിയാൽ, ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുക. ഓരോ നിമിഷവും വിലപ്പെട്ടതാണ്.
PhonePe-യിൽ എങ്ങനെ റിപ്പോർട്ട് ചെയ്യാം:
- PhonePe കസ്റ്റമർ കെയർ: Call 080-68727374 / 022-68727374
- ലോഗിൻ സംബന്ധമായ പ്രശ്നങ്ങൾ : https://support.phonepe.com/ വഴി ഒരു ടിക്കറ്റ് സമർപ്പിക്കുക.
- സോഷ്യൽ മീഡിയ റിപ്പോർട്ടിങ്:
- Twitter: PhonePe Support
- Facebook: PhonePe Official
- പരാതി പരിഹാരം: PhonePe-യുടെ പരാതി പരിഹാര പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം
അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ:
- സൈബർ ക്രൈം സെൽ: സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയോ 1930 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക
- ടെലികോം വകുപ്പ് (DOT): സംശയാസ്പദമായ കോളുകൾ, മെസേജുകൾ, WhatsApp/Telegram തട്ടിപ്പുകൾ എന്നിവ സഞ്ചാർ സാത്തി പോർട്ടലിലെ ചക്ഷു സൗകര്യം വഴി റിപ്പോർട്ട് ചെയ്യുക
പ്രത്യേകം ഓർമ്മിക്കുക — PhonePe ഒരിക്കലും നിങ്ങളുടെ രഹസ്യ വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ ആവശ്യപ്പെടില്ല. phonepe.com എന്ന ഡൊമൈനിൽ നിന്നല്ലാതെ വരുന്ന മെയിലുകൾ, അത് PhonePe-യിൽ നിന്നാണെന്ന് അവകാശപ്പെട്ടാൽ പോലും വിശ്വസിക്കരുത്. തട്ടിപ്പ് നടന്നതായി സംശയം തോന്നിയാൽ ഉടൻ തന്നെ അധികൃതരുമായി ബന്ധപ്പെടുക.
Author
