
Trust & Safety
ഗ്രൂപ്പ് ചാറ്റുകളിലെ ചതിക്കുഴികൾ: തട്ടിപ്പുകാർ നുഴഞ്ഞുകയറുന്നത് എങ്ങനെ? എങ്ങനെ സുരക്ഷിതരാകാം?
PhonePe Regional|2 min read|11 June, 2026
പണ്ട് കാലത്ത് ആശയവിനിമയത്തിനായി ടെലിഗ്രാം ഉപയോഗിച്ചിരുന്ന കഥകൾ നമ്മുടെ മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ടാകും. ടെലിഗ്രാഫ് ഓഫീസിൽ പോയി ഒരു ഫോം പൂരിപ്പിച്ച്, ഓരോ വാക്കിനും പണം നൽകി സന്ദേശങ്ങൾ അയച്ചിരുന്ന ആ കാലത്ത്, ഇന്നത്തെപ്പോലെയുള്ള ഇൻസ്റ്റൻ്റ് മെസ്സേജിങ് സംവിധാനങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു.
ആശയവിനിമയം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെസ്സേജിങ് ആപ്പുകളും, പേയ്‌മെൻ്റ് ആപ്പുകളിലെ ചാറ്റ് ഫീച്ചറുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. വ്യക്തിപരമായോ ഔദ്യോഗികമായോ ഉള്ള ആശയവിനിമയങ്ങൾക്കും, പേയ്‌മെൻ്റ് ആപ്പുകളിലൂടെ സുഹൃത്തുക്കളുമൊത്തുള്ള ചിലവുകൾ പങ്കിടുന്നതിനും തുടങ്ങി നാം ആശയവിനിമയം നടത്തുന്ന രീതിയെത്തന്നെ മാറ്റിമറിക്കാൻ ഇൻസ്റ്റൻ്റ് മെസ്സേജിംഗിന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ആളുകളുടെ പണം തട്ടിയെടുക്കാനായി തട്ടിപ്പുകാർ ഇപ്പോൾ ഇത്തരം മെസ്സേജിങ്, പേയ്‌മെൻ്റ് ആപ്പുകളിലേക്കും നുഴഞ്ഞുകയറുകയാണ്. ഈ തട്ടിപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ഇത്തരം കെണികളിൽ വീഴാതെ നിങ്ങൾക്ക് എങ്ങനെ സുരക്ഷിതരായിരിക്കാമെന്നും ഈ ബ്ലോഗ് വിശദമാക്കുന്നു.
ചാറ്റ് തട്ടിപ്പുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
മെസ്സേജിങ്, പേയ്‌മെൻ്റ് ആപ്പുകളിലെ “ചാറ്റ്”, “ഗ്രൂപ്പ്” ഫീച്ചറുകൾ വഴിയുള്ള ഒരു സാധാരണ തട്ടിപ്പ് നടക്കുന്നത് ഇങ്ങനെയാണ്:
- അപരിചിതനായ ഒരാളിൽ നിന്ന് നിങ്ങൾക്ക് ഒരു മെസ്സേജ് വരികയോ, അല്ലെങ്കിൽ അവർ നിങ്ങളെ വലിയൊരു ഗ്രൂപ്പിലേക്ക് ചേർക്കുകയോ ചെയ്യുകയോ ചെയ്യുന്നു.
- പെട്ടെന്ന് പണക്കാരാകാനുള്ള വഴികൾ, വാതുവെപ്പുകൾക്കുള്ള നുറുങ്ങുകൾ, അല്ലെങ്കിൽ ഗെയിമിംഗ് ആപ്പുകളിലൂടെ ലഭിക്കുന്ന വലിയ റിവാർഡുകൾ തുടങ്ങിയ മെസ്സേജുകളായിരിക്കും ആ ചാറ്റിൽ നിറയെ ഉണ്ടാവുക.
- റിവാർഡുകൾ, ക്യാഷ്ബാക്ക് അല്ലെങ്കിൽ ഗെയിമിംഗ് ലിങ്കുകൾ എന്ന വ്യാജേന തട്ടിപ്പുകാർ ഒരു ലിങ്ക് പങ്കുവെക്കുന്നു.
- ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിൽ ഒരു അജ്ഞാത APK ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ, ഈ ആപ്പ് നിങ്ങളുടെ ഫോണിൻ്റെ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് താഴെ പറയുന്നവ ചെയ്യുന്നു:
- OTP-കൾ ഫോർവേഡ് ചെയ്യുന്നു : നിങ്ങൾക്ക് ലഭിക്കുന്ന SMS/OTP-കൾ ചോർത്തി തട്ടിപ്പുകാർക്ക് അയച്ചു നൽകുന്നു.
- രേഖകൾ ചോർത്തുന്നു: നിങ്ങളുടെ ഫോണിലുള്ള ആധാർ, PAN കാർഡ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളുടെ ഫോട്ടോകളും മറ്റ് ഫയലുകളും മോഷ്ടിക്കുന്നു.
- നിങ്ങളുടെ OTP-കളും തിരിച്ചറിയൽ രേഖകളും ലഭിക്കുന്നതോടെ, ബാങ്കിൻ്റെ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് തട്ടിപ്പുകാർ നിങ്ങളുടെ അക്കൗണ്ടിലെ പണം മുഴുവൻ കവരുന്നു. കൂടാതെ, നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ വ്യക്തിത്വങ്ങൾ ഉണ്ടാക്കി മറ്റ് വലിയ കുറ്റകൃത്യങ്ങൾ ചെയ്യാനും അവർ ഇത് ഉപയോഗിക്കുന്നു.
ഗ്രൂപ്പ് ചാറ്റ് തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷനേടാം?
ജാഗ്രതയോടെ ഉപയോഗിച്ചാൽ ഡിജിറ്റൽ പണമിടപാടുകളും ആപ്പുകളും തികച്ചും സുരക്ഷിതമാണ്. പേടിയോ ആവേശമോ കാരണം, കൃത്യമായി പരിശോധിക്കാതെ നമ്മൾ ധൃതിപിടിച്ച് കാര്യങ്ങൾ ചെയ്യുമ്പോഴാണ് ഇത്തരം APK/വ്യാജ ആപ്പ് തട്ടിപ്പുകൾ കൂടുതലായും സംഭവിക്കുന്നത്. വലിയ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് രക്ഷനേടാൻ, ആപ്പുകളുടെ സോഴ്സ്, ഡെവലപ്പറുടെ ഇമെയിൽ, ഇൻസ്റ്റാൾ ചെയ്യുമ്പോൾ ചോദിക്കുന്ന പെർമിഷനുകൾ, ലിങ്കുകളുടെ ആധികാരികത എന്നിവ പരിശോധിക്കാൻ അല്പസമയം നീക്കിവെക്കുക.
സൈബർ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാനുള്ള ചില പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു:
- ചാറ്റുകളിൽ വരുന്ന ലിങ്കുകൾ വഴി ഒരിക്കലും ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ പാടില്ല. അവ നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്തുന്ന മാൽവെയറുകൾ ആകാൻ സാധ്യതയുണ്ട്. Indus Appstore, Google Play Store അല്ലെങ്കിൽ Apple App Store എന്നിവയിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
- നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത, അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന മെസ്സേജുകളെയും നിങ്ങളെ ആഡ് ചെയ്യുന്ന ഗ്രൂപ്പുകളെയും എപ്പോഴും കരുതിയിരിക്കുക.
- നിങ്ങളുടെ ഫോണിൻ്റെ സെറ്റിംഗ്സിൽ പോയി ഏതൊക്കെ ആപ്പുകൾക്കാണ് “SMS വായിക്കാനും” അല്ലെങ്കിൽ “ഫയൽ ആക്സസ്” ചെയ്യാനുമുള്ള പെർമിഷൻ നൽകിയിട്ടുള്ളതെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക.
- വിശ്വസനീയമായ ഒരു സ്ഥാപനവും അല്ലെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥരും നിങ്ങളോട് ചാറ്റിലൂടെയോ കോളിലൂടെയോ OTP ചോദിക്കില്ല.
- മറ്റുള്ളവർ നിങ്ങളുടെ ആപ്പുകൾ അനധികൃതമായി ഉപയോഗിക്കുന്നത് തടയാൻ, പേയ്‌മെൻ്റ് ആപ്പുകൾക്ക് ഫിംഗർപ്രിൻ്റ് അല്ലെങ്കിൽ ഫെയ്സ് ഐഡി ലോക്കുകൾ ഉപയോഗിച്ച് സുരക്ഷ വർധിപ്പിക്കുക.
നിങ്ങൾ ഒരു വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്‌താൽ എന്ത് ചെയ്യണം?
- ഉടൻ തന്നെ ആ വ്യാജ ആപ്പ് ഫോണിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്യുക.
- ഫോണിലെ മൊബൈൽ ഡാറ്റയും വൈ-ഫൈയും താൽക്കാലികമായി ഓഫ് ചെയ്യുക.
- നിങ്ങളുടെ ബാങ്കിംഗ്, ഇമെയിൽ, പേയ്‌മെൻ്റ് ആപ്പുകളുടെ പാസ്‌വേഡുകൾ മാറ്റുക.
- അക്കൗണ്ടിലെ പണമിടപാടുകൾ മരവിപ്പിക്കാനോ, അല്ലെങ്കിൽ നിരീക്ഷിക്കാനോ ആയി ഉടൻ തന്നെ നിങ്ങളുടെ ബാങ്കുമായോ പേയ്‌മെൻ്റ് സർവ്വീസ് പ്രൊവൈഡറുമായോ ബന്ധപ്പെടുക
തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണം
നിങ്ങൾ ഏതെങ്കിലും തട്ടിപ്പിനിരയായെന്ന് സംശയം തോന്നിയാൽ, ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ച് റിപ്പോർട്ട് ചെയ്യുക.
PhonePe-യിൽ എങ്ങനെ റിപ്പോർട്ട് ചെയ്യാം:
- PhonePe ഗ്രൂപ്പ് ചാറ്റ്::നിങ്ങൾ അംഗമായിട്ടുള്ള ഒരു PhonePe ഗ്രൂപ്പ് തട്ടിപ്പാണെന്ന് സംശയം തോന്നിയാൽ, ഉടൻ തന്നെ ആ ഗ്രൂപ്പ് പ്രൊഫൈലിന് താഴെയുള്ള “പുറത്തുകടക്കുക”, “റിപ്പോർട്ട് ചെയ്യുക” എന്നീ ഓപ്ഷനുകൾ ഉപയോഗിക്കുക.
- PhonePe ആപ്പ്: ‘ഹെൽപ്പ്’ സെക്ഷനിൽ പോയി പരാതി നൽകുക.
- PhonePe കസ്റ്റമർ കെയർ: 80-68727374 / 022-68727374 എന്നീ നമ്പറുകളിൽ വിളിക്കുക
- സോഷ്യൽ മീഡിയ:
- Twitter: PhonePe Support
- Facebook: PhonePe Official
- പരാതി പരിഹാരം: PhonePe-യുടെ പരാതി പരിഹാര പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം
അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ:
- സൈബർ ക്രൈം സെൽ: സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയോ 1930 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
- ടെലികോം വകുപ്പ് (DOT): സംശയാസ്പദമായ കോളുകൾ, മെസേജുകൾ, WhatsApp/Telegram തട്ടിപ്പുകൾ എന്നിവ സഞ്ചാർ സാത്തി പോർട്ടലിലെ ചക്ഷു സൗകര്യം വഴി റിപ്പോർട്ട് ചെയ്യുക.
പ്രത്യേകം ഓർമ്മിക്കുക — PhonePe ഒരിക്കലും നിങ്ങളുടെ രഹസ്യ വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ ആവശ്യപ്പെടില്ല. phonepe.com എന്ന ഡൊമൈനിൽ നിന്നല്ലാതെ വരുന്ന മെയിലുകൾ, അത് PhonePe-യിൽ നിന്നാണെന്ന് അവകാശപ്പെട്ടാൽ പോലും വിശ്വസിക്കരുത്. തട്ടിപ്പ് നടന്നതായി സംശയം തോന്നിയാൽ ഉടൻ തന്നെ അധികൃതരുമായി ബന്ധപ്പെടുക.
