
Trust & Safety
KYC തട്ടിപ്പിലൂടെയുള്ള വ്യക്തി വിവര മോഷണം: എങ്ങനെ സുരക്ഷിതമായിരിക്കാം?
PhonePe Regional|4 min read|21 July, 2025
ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ഒരു അക്കൗണ്ട് തുറക്കുമ്പോൾ, നിങ്ങളുടെ ഐഡൻ്റിറ്റി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് KYC പ്രക്രിയ വഴിയാണ് ചെയ്യുന്നത്. ഇതിനായി ആധാർ, PAN കാർഡ് അല്ലെങ്കിൽ RBI അംഗീകരിച്ച മറ്റ് രേഖകൾ സമർപ്പിക്കേണ്ടി വന്നേക്കാം.
ഇന്ന്, ധനകാര്യ സ്ഥാപനങ്ങൾ “ഡിജിറ്റൽ KYC” വഴിയാണ് ഈ പരിശോധന പൂർത്തിയാക്കുന്നത്. ഡിജിറ്റൽ KYC-യിൽ ഉപഭോക്താവിൻ്റെയും അവരുടെ രേഖകളുടെയും തത്സമയ ചിത്രങ്ങൾ എടുക്കുന്നതും, ഓഫ്ലൈൻ വെരിഫിക്കേഷൻ സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ ആധാർ കൈവശം വെച്ചിരിക്കുന്നതിൻ്റെ തെളിവ് ശേഖരിക്കുന്നതും ഉൾപ്പെടുന്നു.
KYC തട്ടിപ്പുകളിലൂടെയും അക്കൗണ്ട് സസ്പെൻഷൻ സ്കാമുകളിലൂടെയുമുള്ള ഐഡൻ്റിറ്റി മോഷണം എന്നാൽ എന്താണ്?
KYC ഐഡൻ്റിറ്റി മോഷണത്തിൽ തട്ടിപ്പുകാർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുകയും വ്യാജ ഐഡൻ്റിറ്റികൾ സൃഷ്ടിക്കുകയും, അത് ഉപയോഗിച്ച് KYC നടപടികൾ വഞ്ചനാപരമായി പൂർത്തിയാക്കുകയും ചെയ്യുന്നു. വെരിഫിക്കേഷന് ശേഷം, അവർ നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കുകയും, KYC ഉപയോഗിച്ച് പുതിയ അക്കൗണ്ടുകൾ തുറക്കുകയും നിങ്ങളുടെ പേരിൽ ലോണുകളും ക്രെഡിറ്റ് കാർഡുകളും എടുക്കുകയും ചെയ്യുന്നു. ഇത് നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടത്തിനും സൽപ്പേരിന് കളങ്കം വരുത്തുന്നതിനും ഇടയാക്കും.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഐഡൻ്റിറ്റി മോഷണം ഒരു ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുന്നു, പ്രത്യേകിച്ചും KYC പ്രക്രിയ പൂർത്തിയാക്കാനും നിങ്ങളുടെ അക്കൗണ്ടുകളുടെ നിയന്ത്രണം നേടാനും തട്ടിപ്പുകാർ മോഷ്ടിച്ചതോ വ്യാജമോ ആയ രേഖകൾ ഉപയോഗിക്കുമ്പോൾ.
കൂടാതെ, ഈ ഭീഷണി KYC സംബന്ധമായ അക്കൗണ്ട് സസ്പെൻഷൻ തട്ടിപ്പുകളിലേക്കും വ്യാപിക്കുന്നു. ഇതൊരു ഭയത്തെ അടിസ്ഥാനമാക്കിയുള്ള സോഷ്യൽ എൻജിനീയറിംഗ് തന്ത്രമാണ്; ഇതിൽ തട്ടിപ്പുകാർ കൃത്രിമമായി അതീവ സമ്മർദമുണ്ടാക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നു. നിങ്ങളുടെ KYC രേഖകൾ അപൂർണ്ണമായതിനാലോ അവയുടെ കാലാവധി അവസാനിച്ചതിനാലോ, നിങ്ങളുടെ പേയ്മെന്റ് അക്കൗണ്ട്, ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ഡിജിറ്റൽ വാലറ്റ് എന്നിവ ചുരുങ്ങിയ സമയത്തിനുള്ളിൽ (ഉദാഹരണത്തിന് 24 മണിക്കൂറിനുള്ളിൽ) സ്ഥിരമായി ബ്ലോക്ക് ചെയ്യപ്പെടുകയോ സസ്പെൻഡ് ചെയ്യപ്പെടുകയോ ചെയ്യുമെന്ന് അവകാശപ്പെട്ടുകൊണ്ട് തട്ടിപ്പുകാർ നിങ്ങളെ ബന്ധപ്പെടുന്നു. നിങ്ങൾ പരിഭ്രാന്തരായി ധൃതിയിൽ പ്രവർത്തിക്കുകയും, സ്വാഭാവികമായ പരിശോധനകൾ ഒഴിവാക്കി രഹസ്യ സ്വഭാവമുള്ള സാമ്പത്തിക വിവരങ്ങൾ കൈമാറുകയോ അക്കൗണ്ടിലേക്ക് പ്രവേശിക്കാനുള്ള അനുമതി നൽകുകയോ ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഐഡന്റിറ്റി തെഫ്റ്റും KYC തട്ടിപ്പുകളും നടക്കാൻ ഇടയുള്ള നിരവധി സാഹചര്യങ്ങളുണ്ട്
- സാഹചര്യം 1: വിവിധ ഫിഷിംഗ് രീതികളിലൂടെ തട്ടിപ്പുകാർക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ സാധിക്കും.
ആകർഷകമായ നിക്ഷേപ വരുമാനം വാഗ്ദാനം ചെയ്തുകൊണ്ട് ഒരു തട്ടിപ്പുകാരൻ അർജുനെ സമീപിച്ചു. തുടർ നടപടികൾക്കായി, വ്യക്തിഗത വിവരങ്ങൾ വെരിഫൈ ചെയ്യാൻ അർജുനോട് ആവശ്യപ്പെട്ടു. തട്ടിപ്പുകാരനെ വിശ്വസിച്ച അർജുൻ, തൻ്റെ നിക്ഷേപങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യപ്പെടുമെന്ന ധാരണയിൽ അക്കൗണ്ട് ക്രെഡൻഷ്യലുകളും OTP-കളും പങ്കുവെച്ചു. മോഷ്ടിച്ച ഈ വിവരങ്ങൾ ഉപയോഗിച്ച്, തട്ടിപ്പുകാരൻ അർജുന്റെ അക്കൗണ്ടിൽ പ്രവേശിക്കുകയും അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്തു.
- സാഹചര്യം 2: നിങ്ങളുടേതല്ലാത്ത ഒരു അക്കൗണ്ടിനായി KYC നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം. അതിനുശേഷം, നിങ്ങളുടെ അറിവില്ലാതെ അവർ ആ അക്കൗണ്ട് തട്ടിപ്പ് പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു..
ലോൺ ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഒരു തട്ടിപ്പുകാരൻ ഡേവിഡിനെ ബന്ധപ്പെട്ടു. ഡേവിഡിന്റെ പേരിലല്ല, മറിച്ച് തട്ടിപ്പുകാരന്റെ പേരിൽ നേരത്തെ തന്നെ സൃഷ്ടിക്കപ്പെട്ട ഒരു അക്കൗണ്ടിൽ KYC നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തട്ടിപ്പുകാരൻ ഡേവിഡിനോട് ആവശ്യപ്പെട്ടു. ലോൺ അപേക്ഷാ നടപടികളുടെ ഭാഗമായുള്ള ഒരു സാധാരണ കാര്യമാണെന്ന് വിശ്വസിച്ച് ഡേവിഡ് അതിന് വഴങ്ങി. KYC നടപടികൾക്കായി അദ്ദേഹം തന്റെ വ്യക്തിഗത വിവരങ്ങൾ നൽകി; എന്നാൽ അറിയാതെ തന്നെ, തന്റെ അക്കൗണ്ടിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരന് കൈമാറുകയാണ് അദ്ദേഹം ചെയ്തത്. തുടർന്ന്, തട്ടിപ്പുകാരൻ ആ അക്കൗണ്ട് ഉപയോഗിച്ച് ലോണുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ നടത്തി. ഡേവിഡ് ഇതൊന്നുമറിയാതെ വലിയ അപകടത്തിലാവുകയും ചെയ്തു.
- സാഹചര്യം 3: ലോഗിൻ ക്രെഡൻഷ്യലുകൾ ശേഖരിക്കുന്നതിനായി, തട്ടിപ്പുകാർ ഔദ്യോഗിക ബാങ്ക് അല്ലെങ്കിൽ ആപ്പ് ആശയവിനിമയങ്ങളെ അനുകരിക്കുന്ന അടിയന്തര മുന്നറിയിപ്പുകൾ അടങ്ങിയ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുന്നു.
രാത്രി വൈകി, “PP-ALERT” എന്ന പേരിൽ വരുന്ന ഒരു സന്ദേശം നിഷയുടെ ഫോണിലേക്ക് എത്തുന്നു. അതീവ അടിയന്തിര സാഹചര്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആ സന്ദേശത്തിൽ, ചുരുക്കിയ ഒരു ലിങ്കും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ഇങ്ങനെ പറയുന്നു: “അടിയന്തിരം: നിങ്ങളുടെ KYC അപൂർണ്ണമാണ്. അടുത്ത 15 മിനിറ്റിനുള്ളിൽ നിങ്ങളുടെ ആധാർ വെരിഫൈചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക; അല്ലാത്തപക്ഷം നിങ്ങളുടെ അക്കൗണ്ട് സ്ഥിരമായി ബ്ലോക്ക് ചെയ്യപ്പെടുകയും പണം കണ്ടുകെട്ടുകയും ചെയ്യും.” പരിഭ്രാന്തയായ നിഷ, ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒരു വ്യാജ വെബ്പേജിലെത്തുകയും, തന്റെ നമ്പറും ലഭിച്ച OTP യും നൽകുകയും ചെയ്യുന്നു. എന്നാൽ, ചോർത്തിയെടുത്ത ആ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ മറ്റൊരു നഗരത്തിൽ നിന്ന് അവളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ, PhonePe-യുടെ ബാക്ക്എൻഡ് സെക്യൂരിറ്റി അത് തടയുന്നു. PhonePe പ്രൊട്ടക്ട്, തിരിച്ചറിയപ്പെടാത്ത ഉപകരണവും സംശയാസ്പദമായ ലൊക്കേഷൻ മാറ്റവും തൽക്ഷണം കണ്ടെത്തുന്നു. അത് ലോഗിൻ ശ്രമം പൂർണ്ണമായും തടയുകയും നിഷയുടെ യഥാർത്ഥ ഫോണിലേക്ക് തത്സമയ ഇൻ-ആപ്പ് അറിയിപ്പ് അയക്കുകയും ചെയ്യുന്നു: “സംശയാസ്പദമായ ലോഗിൻ ശ്രമം തടഞ്ഞു. നിങ്ങളുടെ അക്കൗണ്ട് സംരക്ഷിക്കുക.”
- സാഹചര്യം 4: കംപ്ലയൻസ് ടീമിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന എത്തുന്ന ഒരു തട്ടിപ്പുകാരൻ, നിങ്ങളുടെ അക്കൗണ്ട് ഉടൻ ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും, അതിനൊരു പെട്ടെന്നുള്ള പരിഹാരമായി ഒരു സ്ക്രീൻ-ഷെയറിങ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
KYC കംപ്ലയൻസ് ഡെസ്കിൽ നിന്നുള്ള അഞ്ജലി’ എന്ന് പരിചയപ്പെടുത്തുന്ന ഒരു വിളിക്കുന്നയാൾ വിക്രമിനെ ബന്ധപ്പെടുകയും, നിർബന്ധിത ഓഡിറ്റ് കാരണം അദ്ദേഹത്തിന്റെ വാലറ്റ് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. അദ്ദേഹം സഹകരിച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ പ്രശ്നം പരിഹരിച്ചു നൽകാമെന്ന് അവൾ വാഗ്ദാനം ചെയ്യുകയും, ഒരു റിമോട്ട് ആക്സസ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്യുന്നു: “ഞാൻ ലൈനിൽ തുടരുന്ന സമയത്ത് QuickVerify ടൂൾ ഇൻസ്റ്റാൾ ചെയ്യുകയും നിങ്ങളുടെ PhonePe ആപ്പ് തുറക്കുകയും ചെയ്യുക. ഞങ്ങളുടെ സിസ്റ്റം സുരക്ഷിതമായി നിങ്ങളുടെ വിവരങ്ങൾ സിങ്ക് ചെയ്യുകയും നിങ്ങളുടെ വാലറ്റ് അൺഫ്രീസ് ചെയ്യുകയും ചെയ്യും.’ വിക്രം ഇത് അനുസരിക്കുകയും പശ്ചാത്തലത്തിൽ സ്ക്രീൻ-ഷെയർ ആപ്പ് സജീവമായി പ്രവർത്തിച്ചുകൊണ്ട് PhonePe ലോഞ്ച് ചെയ്യുകയും ചെയ്യുമ്പോൾ, ആപ്പിന്റെ ആന്തരിക സുരക്ഷാ സംവിധാനങ്ങൾ ഉടൻ തന്നെ പ്രവർത്തിച്ചുതുടങ്ങുന്നു. സജീവമായ സ്ക്രീൻ-മിററിങ് സെഷൻ ‘ഡിവൈസ് ഗാർഡ്’ കണ്ടെത്തുകയും, അതേസമയം സിസ്റ്റം സോഷ്യൽ എൻജിനീയറിങ്ങിന്റെ ക്ലാസിക് പെരുമാറ്റ ലക്ഷണങ്ങളെ തിരിച്ചറിയുകയും ചെയ്യുന്നു. തട്ടിപ്പുകാരൻ രഹസ്യ വിവരങ്ങളൊന്നും കാണുന്നില്ലെന്ന് ഉറപ്പാക്കാൻ PhonePe ഉടൻ തന്നെ സ്ക്രീൻ ബ്ലാക്ക്ഔട്ട് ചെയ്യുകയും, താഴെ പറയുന്ന വ്യക്തമായ മുന്നറിയിപ്പോടെ ഇന്റർഫേസ് ഫ്രീസ് ചെയ്യുകയും ചെയ്യുന്നു: ‘സംശയാസ്പദമായ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നു”
KYC തട്ടിപ്പിൻ്റെയും അക്കൗണ്ട് കൈയേറ്റത്തിൻ്റെയും സൂചനകൾ
- നിങ്ങൾ അഭ്യർത്ഥിക്കാത്ത ഒരു അക്കൗണ്ടുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത കോളുകളോ ഇമെയിലുകളോ.
- നിങ്ങളുടെ അനുമതിയില്ലാതെ നടന്ന ഇടപാടുകളെക്കുറിച്ചുള്ള അലേർട്ടുകൾ അല്ലെങ്കിൽ SMS അറിയിപ്പുകൾ
- നിങ്ങൾ ഒരിക്കലും അപേക്ഷിക്കാത്ത ഒരു ബിൽ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നു.
- നിങ്ങളുടെ ബാങ്ക് അല്ലെങ്കിൽ സാമ്പത്തിക അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യുന്നതിൽ പ്രശ്നം അനുഭവപ്പെടുന്നു.
- വളരെ ആകർഷകമെന്ന് തോന്നിപ്പിക്കുന്ന ഓഫറുകൾ നൽകി ആളുകളെ കബളിപ്പിച്ച് അവരുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുക.
- KYC അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുകയോ സസ്പെൻഡ് ചെയ്യപ്പെടുകയോ ചെയ്യുമെന്ന് അവകാശപ്പെട്ടുകൊണ്ട്, SMS, WhatsApp അല്ലെങ്കിൽ ഇമെയിൽ വഴി അയക്കുന്ന അടിയന്തിര സ്വഭാവമുള്ള URL-കൾ.
ഐഡൻ്റിറ്റി മോഷണത്തിൽ നിന്നും KYC തട്ടിപ്പിൽ നിന്നും സ്വയം എങ്ങനെ സംരക്ഷിക്കാം?
- നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കുക: ഫോൺ, ഇമെയിൽ അല്ലെങ്കിൽ മെസ്സേജിംഗ് ആപ്പുകൾ വഴി സെൻസിറ്റീവ് രേഖകളോ OTP-കളോ ഒരു കാരണവശാലും പങ്കുവെക്കരുത്. നിങ്ങളുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ ഇത് ആവശ്യമാണെന്ന് ആരെങ്കിലും പറഞ്ഞാൽ പോലും, നിങ്ങളുടെ OTP, UPI പിൻ അല്ലെങ്കിൽ ATM പിൻ എന്നിവ ആരുമായും ഒരിക്കലും പങ്കുവെക്കരുത്.
- ഫിഷിംഗ് ശ്രമങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക: സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകളിൽ വിവരങ്ങൾ പങ്കുവെക്കുന്നതോ ഒഴിവാക്കുക. നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുകയോ സസ്പെൻഡ് ചെയ്യപ്പെടുകയോ ചെയ്യുമെന്ന് അവകാശപ്പെട്ടുകൊണ്ട് SMS, WhatsApp, അല്ലെങ്കിൽ ഇമെയിൽ വഴി വരുന്ന ലിങ്കുകളിൽ (URLs) ക്ലിക്ക് ചെയ്യരുത്.
- നിങ്ങളുടെ അക്കൗണ്ടുകൾ പതിവായി നിരീക്ഷിക്കുക: അനധികൃത പ്രവേശനമോ തട്ടിപ്പുകളോ കണ്ടെത്താൻ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ക്രെഡിറ്റ് റിപ്പോർട്ടുകൾ, അക്കൗണ്ട് പ്രവർത്തനങ്ങൾ എന്നിവ പതിവായി പരിശോധിക്കുക.
- ശക്തമായ പ്രാമാണീകരണം ഉപയോഗിക്കുക: സാധ്യമായ എല്ലായിടത്തും ടു-ഫാക്ടർ ഓതൻ്റിക്കേഷൻ (2FA) പ്രവർത്തനക്ഷമമാക്കുക.
- ആശയവിനിമയം വെരിഫൈചെയ്യുക: ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പ്രതീക്ഷിക്കാത്ത കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ, ഔദ്യോഗിക വിവരവിനിമയ മാർഗ്ഗങ്ങൾ വഴി അവരുടെ വ്യക്തിത്വം വെരിഫൈ ചെയ്യുക. കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെടുന്നതിന് വെരിഫൈഡ് ആപ്പിൽ നൽകിയിട്ടുള്ള ഔദ്യോഗിക നമ്പറുകൾ മാത്രം ഉപയോഗിക്കുക. മുന്നറിയിപ്പായി വരുന്ന SMS നമ്പറുകളിലൂടെ അവരെ ഒരിക്കലും ബന്ധപ്പെടരുത്. അക്കൗണ്ട് സസ്പെൻഷനെക്കുറിച്ചുള്ള അടിയന്തിര സന്ദേശങ്ങൾ ലഭിച്ചാൽ അവ അവഗണിച്ച് ആപ്പ് അടയ്ക്കുകയും, യഥാർത്ഥ അറിയിപ്പുകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ നിങ്ങളുടെ ഫോണിന്റെ മെനുവിൽ നിന്ന് നേരിട്ട് ഔദ്യോഗിക ആപ്പ് തുറക്കുകയും ചെയ്യുക.
- സ്ക്രീൻ ഷെയറിംഗ് ആപ്പുകളെ സൂക്ഷിക്കുക: വിശ്വസനീയമായ കസ്റ്റമർ കെയർ ടീമുകൾ ഒരിക്കലും തേർഡ്-പാർട്ടി ആപ്പുകളോ (പ്രത്യേകിച്ച് റിമോട്ട് ഡെസ്ക്ടോപ്പ്, സ്ക്രീൻ-ഷെയറിംഗ് ആപ്പുകൾ) ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടില്ല.
- ദുരുപയോഗം ചെയ്ത രേഖകൾ ഉടനടി റിപ്പോർട്ട് ചെയ്യുക: നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യപ്പെട്ടാൽ, ബന്ധപ്പെട്ട അധികാരികളെയും സ്ഥാപനങ്ങളെയും ഉടൻ അറിയിക്കുക.
- ഔദ്യോഗിക KYC ചാനലുകൾ മാത്രം ഉപയോഗിക്കുക: ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയോ അംഗീകൃത ഏജൻ്റുമാർ വഴിയോ മാത്രം KYC പൂർത്തിയാക്കുക.
PhonePe നിങ്ങളെ എങ്ങനെ സജീവമായി സംരക്ഷിക്കുന്നു
- ഇൻ്റലിജൻ്റ് റിസ്ക് സ്കോറിംഗ് എഞ്ചിനുകൾ : PhonePe ബാക്കെൻഡ് സിസ്റ്റങ്ങൾ മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾ ഉപയോഗിച്ച് ഓരോ ട്രാൻസാക്ഷനും ലോഗിൻ ശ്രമങ്ങളും തത്സമയം വിലയിരുത്തുന്നു. സംശയാസ്പദമായ ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ തന്നെ തിരിച്ചറിയപ്പെടാത്ത ഒരു ഡിവൈസിൽ നിന്ന് ലോഗിൻ ശ്രമമുണ്ടായാൽ, സിസ്റ്റം ആ പ്രവർത്തനം ഫ്ലാഗ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യുന്നു
- ആപ്പിനുള്ളിൽ മാത്രമുള്ള പ്രക്രിയകൾ : യഥാർത്ഥ KYC അഭ്യർത്ഥനകളും അക്കൗണ്ട് അപ്ഡേറ്റുകളും ഔദ്യോഗിക ആപ്ലിക്കേഷന്റെ സുരക്ഷിതമായ അന്തരീക്ഷത്തിൽ മാത്രം പ്രോസസ്സ് ചെയ്യുന്നുവെന്ന് PhonePe ഉറപ്പാക്കുന്നു. ടെക്സ്റ്റ് മെസ്സേജുകളിൽ അയക്കുന്ന എക്സ്റ്റേണൽ വെബ് ലിങ്കുകൾ വഴി KYC പൂർത്തിയാക്കാൻ PhonePe ഒരിക്കലും നിർബന്ധിക്കില്ല.
- ആപ്പ് മുന്നറിയിപ്പുകൾ : പുതിയ ഡിവൈസിൽ നിന്നുള്ള ലോഗിൻ അംഗീകരിക്കുകയോ ഫണ്ട് ട്രാൻസ്ഫർ ചെയ്യുകയോ പോലുള്ള ഹൈ-റിസ്ക് ആക്ഷൻ ഉപയോക്താവ് ചെയ്യാൻ തുടങ്ങുമ്പോൾ, PhonePe ആപ്പ് ഒഴിവാക്കാനാകാത്ത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കുന്നു. ഇത് തട്ടിപ്പുകാരുടെ തിടുക്കത്തിന് വഴങ്ങാതിരിക്കാൻ സഹായിക്കുന്നു
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഏതെങ്കിലും PhonePe അക്കൗണ്ടിൽ ദുരുപയോഗം ചെയ്താൽ എന്തുചെയ്യണം?
നിങ്ങൾ തട്ടിപ്പ് സംശയിക്കുകയോ PhonePe വഴി വഞ്ചിക്കപ്പെടുകയോ ചെയ്താൽ, താഴെ പറയുന്ന ഏതെങ്കിലും മാർഗ്ഗങ്ങളിലൂടെ ഉടനടി പരാതി നൽകുക:
- PhonePe കസ്റ്റമർ കെയർ നമ്പർ: 80–68727374 അല്ലെങ്കിൽ 022–68727374 എന്ന നമ്പറിൽ PhonePe കസ്റ്റമർ കെയറിലേക്ക് വിളിക്കുക. കസ്റ്റമർ കെയർ ഏജന്റ് ഒരു ടിക്കറ്റ് ക്രിയേറ്റ് ചെയ്യുകയും കൂടുതൽ സഹായം നൽകുകയും ചെയ്യും:
- Twitter: https://twitter.com/PhonePeSupport
- Facebook: https://www.facebook.com/OfficialPhonePe
- പരാതി പരിഹാരം: നിങ്ങൾക്ക് ഒരു പരാതി ടിക്കറ്റ് ഉണ്ടെങ്കിൽ, നിങ്ങളുടെ ടിക്കറ്റ് ID ഉപയോഗിച്ച് https://grievance.phonepe.com/ എന്നതിൽ പരാതി നൽകാവുന്നതാണ്.
അധികാരികളെ അറിയിക്കേണ്ടത് എങ്ങനെ
- സൈബർ ക്രൈം സെൽ: Cyber Crime Portal-ൽ ഓൺലൈനായി പരാതി നൽകുക അല്ലെങ്കിൽ 1930 എന്ന നമ്പറിൽ വിളിക്കുക.
- ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DOT): സംശയാസ്പദമായ സന്ദേശങ്ങളോ കോളുകളോ ഏതെങ്കിലും തട്ടിപ്പ് അഭ്യർത്ഥനയോ Sanchar Saathi Portal-ലെ ചക്ഷു (Chakshu) സംവിധാനം വഴി റിപ്പോർട്ട് ചെയ്യുക.
നിരാകരണം: ഈ ഉള്ളടക്കം യഥാർത്ഥത്തിൽ 2025 ജൂലൈയിലാണ് പ്രസിദ്ധീകരിച്ചത്. നിലവിലെ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങളുമായുള്ള പൊരുത്തവും പ്രസക്തിയും ഉറപ്പാക്കുന്നതിനായി, 2026 ഒക്ടോബറിൽ ഇത് സമഗ്രമായി അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്തു.
