PhonePe Blogs Main Featured Image

Trust & Safety

സിന്തറ്റിക് ഐഡൻ്റിറ്റി തട്ടിപ്പ്: വ്യാജ വ്യക്തിത്വങ്ങൾ സൃഷ്ടിക്കുന്ന പുതിയ കെണി

PhonePe Regional|2 min read|26 May, 2026

URL copied to clipboard

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധി കഴിഞ്ഞുവെന്നും ബില്ലുകൾ അടയ്ക്കാൻ വൈകിയെന്നും പറഞ്ഞ് പല ബാങ്കുകളിൽ നിന്നായി നിങ്ങൾക്ക് ഫോൺ കോളുകൾ വരുന്നുവെന്ന് കരുതുക. ഈ മാസം നിങ്ങൾ ക്രെഡിറ്റ് കാർഡ് പരിധി കടന്നിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് നിങ്ങൾ ബാങ്കുകളെ വിവരമറിയിക്കുന്നു. തുടർച്ചയായി കോളുകൾ വരുമ്പോൾ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമ്പോഴാണ്, നിങ്ങളുടെ ഫോൺ നമ്പറും PAN കാർഡും മറ്റൊരാളുടെ വിവരങ്ങളുമായി ചേർത്ത് ഒരു ‘വ്യാജ വ്യക്തിത്വം’ ഉണ്ടാക്കിയിട്ടുണ്ടെന്നും അതിലൂടെ അനധികൃതമായി പണമിടപാടുകൾ നടന്നിട്ടുണ്ടെന്നും നിങ്ങൾ മനസ്സിലാക്കുന്നത്. ഇതാണ് സിന്തറ്റിക് ഐഡൻ്റിറ്റി തട്ടിപ്പ്.

നിങ്ങളുടെ വ്യക്തിത്വമാണ് നിങ്ങളുടെ ഏറ്റവും വിലപ്പെട്ട സമ്പത്ത്. വോട്ട് ചെയ്യാനും, വാഹനമോടിക്കാനും, പണമിടപാടുകൾ നടത്താനും, യാത്ര ചെയ്യാനും, നികുതി അടയ്ക്കാനും, ചുരുക്കത്തിൽ നിങ്ങളായി ജീവിക്കാനും നിങ്ങളെ സഹായിക്കുന്നത് ഈ വ്യക്തിത്വമാണ്. അതിനാൽ മറ്റ് വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുന്നതുപോലെ തന്നെ ഇതും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ ഐഡൻ്റിറ്റി ദുരുപയോഗം ചെയ്ത് കഷ്ടപ്പെട്ട് സമ്പാദിച്ച പണം തട്ടിയെടുക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ചാണ് ഈ ബ്ലോഗ് വിശദമാക്കുന്നത്.

എന്താണ് സിന്തറ്റിക് ഐഡൻ്റിറ്റി തട്ടിപ്പ്?

സാധാരണ ഐഡൻ്റിറ്റി മോഷണങ്ങളിൽ, നിങ്ങളുടെ വിവരങ്ങൾ മോഷ്ടിച്ച് തട്ടിപ്പുകാരൻ നിങ്ങളാണെന്ന് വരുത്തിത്തീർക്കുകയാണ് ചെയ്യുന്നത്. എന്നാൽ സിന്തറ്റിക് ഐഡൻ്റിറ്റി തട്ടിപ്പ് കുറച്ചുകൂടി സങ്കീർണ്ണമായ ഒരു രീതിയാണ്. ഇവിടെ യഥാർത്ഥ വിവരങ്ങളും വ്യാജ വിവരങ്ങളും കൂട്ടിച്ചേർത്ത് തികച്ചും പുതിയ, സാങ്കൽപ്പികമായ ഒരാളെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ആധാർ അല്ലെങ്കിൽ PAN പോലുള്ള യഥാർത്ഥ വിവരങ്ങൾ, യാതൊരു ബന്ധവുമില്ലാത്ത വ്യാജ പേരുകളോടും ഇല്ലാത്ത വിലാസങ്ങളോടും തട്ടിപ്പുകാർ കൂട്ടിച്ചേർക്കുന്നു. ഫലത്തിൽ, യഥാർത്ഥ ലോകത്ത് ഇല്ലാത്ത എന്നാൽ ബാങ്കിംഗ് സിസ്റ്റങ്ങളെ കബളിപ്പിക്കാൻ കഴിയുന്ന ഒരു പുതിയ ‘വ്യക്തി’ അവിടെ ജനിക്കുന്നു.

സിന്തറ്റിക് ഐഡൻ്റിറ്റി തട്ടിപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്

ഒരു വ്യാജ ഐഡൻ്റിറ്റി ഉണ്ടാക്കിയാൽ തട്ടിപ്പുകാർ അത് ഉടനടി ഉപയോഗിക്കില്ല. പകരം, അത് വിശ്വസനീയമാക്കാൻ അവർ കുറേ സമയം ചെലവഴിക്കുന്നു. അവർ ഇത് ചെയ്യുന്നത് ഇങ്ങനെയാണ്:

  1. മോഷ്ടിക്കപ്പെട്ട PAN, ആധാർ വിവരങ്ങൾ ഉപയോഗിച്ചാണ് അവർ തുടങ്ങുന്നത്. പലപ്പോഴും മുതിർന്ന പൗരന്മാരെപ്പോലെ തങ്ങളുടെ സാമ്പത്തിക വിവരങ്ങൾ അത്രയധികം ശ്രദ്ധിക്കാത്ത ആളുകളെയാണ് ഇവർ ഇതിനായി ലക്ഷ്യമിടുന്നത്.
  2. ചെറിയ ക്രെഡിറ്റ് ലൈനുകൾക്കോ സ്റ്റോർ കാർഡുകൾക്കോ അവർ അപേക്ഷിക്കുന്നു. അപേക്ഷ നിരസിക്കപ്പെട്ടാൽ പോലും, ഈ വ്യാജ വ്യക്തിയുടെ പേരിൽ ഒരു ക്രെഡിറ്റ് പ്രൊഫൈൽ അവിടെ രൂപപ്പെടുന്നു.
  3. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടാക്കിയെടുക്കാൻ അവർ ചെറിയ ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുന്നു. വിശ്വാസ്യത വർധിപ്പിക്കാനായി മറ്റ് അക്കൗണ്ടുകളിൽ കോ-ജോയിനിയായോ അല്ലെങ്കിൽ അംഗീകൃത ഉപയോക്താവായോ അവരുടെ വിവരങ്ങൾ ചേർത്തേക്കാം.
  4. ക്രെഡിറ്റ് ലിമിറ്റ് അവർ ഉദ്ദേശിച്ച ഉയർന്ന പരിധിയിൽ എത്തുമ്പോൾ, എല്ലാ അക്കൗണ്ടുകളിൽ നിന്നും പരമാവധി പണം പിൻവലിച്ച് തട്ടിപ്പുകാരൻ മുങ്ങുന്നു.

ഇടപാടുകൾ നടത്തിയ ഈ “വ്യക്തി” ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്തതിനാൽ, ബാങ്കുകൾക്ക് ആരെയും കണ്ടെത്താനാവില്ല.

ഇത്തരം തട്ടിപ്പുകളുടെ യഥാർത്ഥ പ്രത്യാഘാതം അനുഭവിക്കുന്നത് വ്യക്തിവിവരങ്ങൾ മോഷ്ടിക്കപ്പെട്ടവരാണ്. നിങ്ങളുടെ ഐഡൻ്റിറ്റിയാണ് ഈ സിന്തറ്റിക് തട്ടിപ്പിന് അടിസ്ഥാനമായി ഉപയോഗിച്ചതെങ്കിൽ, വർഷങ്ങളോളം നിങ്ങളിത് അറിയില്ലായിരിക്കാം. പിന്നീട് നിങ്ങൾ ഒരു കാർ ലോണിനോ വിദ്യാഭ്യാസ ലോണിനോ അപേക്ഷിക്കുമ്പോൾ, നിങ്ങളുടെ PAN കാർഡുമായി വലിയൊരു തുകയുടെ “വ്യാജ കടം” ലിങ്ക് ചെയ്തിട്ടുള്ളതുകൊണ്ട് ലോൺ നിരസിക്കപ്പെടുമ്പോഴായിരിക്കും നിങ്ങൾ തട്ടിപ്പിനിരയായ വിവരം അറിയുന്നത്.

PhonePe നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നു

ഇത്തരം തട്ടിപ്പുകൾ കണ്ടെത്താൻ PhonePe മനുഷ്യരുടെ മേൽനോട്ടവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഒരുപോലെ ഉപയോഗിക്കുന്നു. സിന്തറ്റിക് ഐഡൻ്റിറ്റികൾ സാധാരണയായി ഒരേ പാറ്റേണുകൾ ആവർത്തിക്കുന്ന യന്ത്രങ്ങളെപ്പോലെയാണ് പ്രവർത്തിക്കുക. PhonePe-യുടെ സിസ്റ്റങ്ങൾക്ക് ഇത്തരം കാര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും. യഥാർത്ഥ ഉപയോക്താക്കൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വ്യാപാരികളുമായും ബന്ധപ്പെട്ടിരിക്കും. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത അക്കൗണ്ടുകൾ കാണുമ്പോൾ തന്നെ അത് സംശയാസ്പദമായി ഞങ്ങൾ കണക്കാക്കും. ഞങ്ങളുടെ KYC വെരിഫിക്കേഷൻ സിസ്റ്റം നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുക മാത്രമല്ല ചെയ്യുന്നത്, ഒരു വ്യാജ ഐഡൻ്റിറ്റി സൃഷ്ടിക്കാൻ ഡോക്യുമെൻ്റിലെ ഏതെങ്കിലും ഒരു നമ്പറിലോ ഫോട്ടോയിലോ വരുത്തിയിട്ടുള്ള ഡിജിറ്റൽ കൃത്രിമത്വങ്ങളും ഏറ്റവും ചെറിയ മാറ്റങ്ങളും പോലും ഞങ്ങളുടെ സിസ്റ്റം കൃത്യമായി നിരീക്ഷിക്കുന്നു.

എങ്ങനെ സുരക്ഷിതരായിരിക്കാം

സിന്തറ്റിക് ഐഡൻ്റിറ്റി തട്ടിപ്പുകളിൽ നിന്ന് നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള ചില വഴികൾ താഴെ പറയുന്നവയാണ്:

  • ക്രെഡിറ്റ് ഹെൽത്ത് നിരീക്ഷിക്കുക: നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പതിവായി പരിശോധിക്കുക. നിങ്ങൾക്ക് പരിചയമില്ലാത്ത ഏതെങ്കിലും ലോണോ ക്രെഡിറ്റ് അന്വേഷണങ്ങളോ കാണുകയാണെങ്കിൽ, നിങ്ങളുടെ ഐഡൻ്റിറ്റി മറ്റെവിടെയോ ഉപയോഗിക്കുന്നുണ്ടെന്നതിൻ്റെ മുന്നറിയിപ്പായിരിക്കാം അത്.
  • രേഖകൾ സംരക്ഷിക്കുക: നിങ്ങളുടെ ആധാർ, PAN തുടങ്ങിയ രേഖകൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക. വിശ്വാസയോഗ്യമല്ലാത്ത സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിങ്ങളുടെ തിരിച്ചറിയൽ രേഖകളുടെ ഫോട്ടോകൾ ഒരിക്കലും പങ്കുവെക്കരുത്.
  • ബയോമെട്രിക് ലോക്കുകൾ ഉപയോഗിക്കുക: നിങ്ങളുടെ PhonePe സെറ്റിംഗ്സിൽ പോയി ഫിംഗർപ്രിൻ്റ് അല്ലെങ്കിൽ ഫെയ്സ് ഐഡി ഓൺ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് നിങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നു.

തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണം

നിങ്ങൾ ഏതെങ്കിലും തട്ടിപ്പിനിരയായെന്ന് സംശയം തോന്നിയാൽ, ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ച് റിപ്പോർട്ട് ചെയ്യുക. ഓരോ നിമിഷവും വിലപ്പെട്ടതാണ്.

PhonePe-യിൽ എങ്ങനെ റിപ്പോർട്ട് ചെയ്യാം:

  • PhonePe ആപ്പ്: ‘ഹെൽപ്പ്’ സെക്ഷനിൽ പോയി പരാതി നൽകുക.
  • PhonePe കസ്റ്റമർ കെയർ: 80-68727374 / 022-68727374 എന്നീ നമ്പറുകളിൽ വിളിക്കുക
  • സോഷ്യൽ മീഡിയ:
  • പരാതി പരിഹാരം: PhonePe-യുടെ പരാതി പരിഹാര പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം

അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ:

  • സൈബർ ക്രൈം സെൽ: സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയോ 1930 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
  • ടെലികോം വകുപ്പ് (DOT): സംശയാസ്പദമായ കോളുകൾ, മെസേജുകൾ, WhatsApp/Telegram തട്ടിപ്പുകൾ എന്നിവ സഞ്ചാർ സാത്തി പോർട്ടലിലെ ചക്ഷു സൗകര്യം വഴി റിപ്പോർട്ട് ചെയ്യുക.

പ്രത്യേകം ഓർമ്മിക്കുക — PhonePe ഒരിക്കലും നിങ്ങളുടെ രഹസ്യ വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ ആവശ്യപ്പെടില്ല. phonepe.com എന്ന ഡൊമൈനിൽ നിന്നല്ലാതെ വരുന്ന മെയിലുകൾ, അത് PhonePe-യിൽ നിന്നാണെന്ന് അവകാശപ്പെട്ടാൽ പോലും വിശ്വസിക്കരുത്. തട്ടിപ്പ് നടന്നതായി സംശയം തോന്നിയാൽ ഉടൻ തന്നെ അധികൃതരുമായി ബന്ധപ്പെടുക.

Keep Reading