
Trust & Safety
പുതിയ ആളുകൾക്ക് പണം അയക്കുമ്പോഴുള്ള അപകടസാധ്യതകൾ മനസ്സിലാക്കാം
PhonePe Regional|2 min read|17 September, 2026
നിങ്ങൾ വീട്ടുപകരണങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിലെ അംഗമാണെന്ന് സങ്കൽപ്പിക്കുക. നിങ്ങൾക്ക് ഒരു കട്ടിൽ വേണമെന്ന് നിങ്ങൾ അതിൽ പോസ്റ്റ് ചെയ്യുന്നു. മിനിറ്റുകൾക്കകം, ആ ഗ്രൂപ്പിലില്ലാത്ത ഒരാളിൽ നിന്ന് നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള കട്ടിൽ ലഭ്യമാണെന്ന് പറഞ്ഞ് ഒരു മെസ്സേജ് വരുന്നു. അവർ നിങ്ങളെ വിളിച്ച്, മറ്റ് പലരും ഇത് ചോദിക്കുന്നുണ്ടെന്നും അതിനാൽ ഉടൻ തന്നെ മുൻകൂർ പണം നൽകണമെന്നും നിർബന്ധിക്കുന്നു. നിങ്ങൾ അവരുമായി സംസാരിച്ച്, പകുതി തുക മുൻകൂറായും ബാക്കി തുക കട്ടിൽ ലഭിച്ചതിന് ശേഷവും നൽകാമെന്ന് തീരുമാനിക്കുന്നു. മുൻകൂർ തുക അയക്കാനായി അവർ ഒരു നമ്പർ നൽകുന്നു. PhonePe-ൽ നിങ്ങൾ പണം അയക്കാൻ ശ്രമിക്കുമ്പോൾ ആപ്പ് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, നിങ്ങൾ അത് വകവെക്കാതെ പണം അയക്കുന്നു.
ഇത്തരം ഒരു സാഹചര്യത്തിലോ അല്ലെങ്കിൽ ഇതിന് സമാനമായ മറ്റ് സാഹചര്യങ്ങളിലോ എന്തെല്ലാമാണ് സംഭവിക്കാൻ സാധ്യതയുള്ളത്?
പുതിയ ആളുകൾക്ക് നമ്മൾ ഇടയ്ക്കിടെ പണം അയക്കാറുണ്ട് – എന്നാൽ പുതിയതായി പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കുന്നത്, തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാകാനും നിങ്ങളുടെ ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കാനും നിങ്ങളെ സഹായിക്കും.
ഈ തട്ടിപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്: ധൃതി കൂട്ടലും ചൂഷണവും
- വ്യാജ തിരക്ക് സൃഷ്ടിക്കുന്നു: തട്ടിപ്പുകാർ വ്യാജമായ അടിയന്തിരാവസ്ഥകൾ സൃഷ്ടിക്കുകയും, ഉടൻ തന്നെ അവസാനിക്കാൻ പോകുന്ന ആകർഷകമായ ഓഫറുകൾ, നഷ്ടപ്പെടാൻ പോകുന്ന സർവീസ് സ്ലോട്ടുകൾ, അല്ലെങ്കിൽ അടിയന്തിരമായി ലഭിക്കേണ്ട റീഫണ്ടുകൾ എന്നൊക്കെ പറഞ്ഞ് അവർ നിങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഈ സമയപരിധി നിങ്ങളെ സ്വാഭാവികമായി ചിന്തിക്കാൻ അനുവദിക്കാതെ വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നു.
- സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കുന്നു: ഈ പണമിടപാട് പൂർത്തിയാക്കാൻ തട്ടിപ്പുകാർ സൃഷ്ടിക്കുന്ന ഈ വ്യാജ തിരക്ക് കാരണം, ഉപയോക്താക്കൾ പലപ്പോഴും തങ്ങളുടെ ഉൾവിളികൾ തള്ളിക്കളയുകയും PhonePe ആപ്പിലെ പ്രധാനപ്പെട്ട സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കുകയും ചെയ്യുന്നു.
- മുഴുവൻ തുകയും മുൻകൂർ ആവശ്യപ്പെടുന്നു: ഇൻസ്റ്റാഗ്രാം, ടെലിഗ്രാം അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിലെ വെരിഫൈഡ് അല്ലാത്ത വിൽപ്പനക്കാർ പലപ്പോഴും സാധനങ്ങളോ സേവനങ്ങളോ നൽകുന്നതിന് മുൻപ് തന്നെ മുഴുവൻ തുകയും ആവശ്യപ്പെടുന്നു. പണമിടപാട് കഴിഞ്ഞാൽ പിന്നെ യാതൊരു ഉത്തരവാദിത്തവുമില്ലാതെ അവർക്ക് അപ്രത്യക്ഷമാകാൻ ഇത് വഴിയൊരുക്കുന്നു.
ഒരു ചെറിയ തെറ്റിൻ്റെ യഥാർത്ഥ പ്രത്യാഘാതം
- തൽക്ഷണ പേയ്‌മെൻ്റുകൾ: നിങ്ങളുടെ പണം സംരക്ഷിക്കുക എന്നതാണ് പ്രധാനം – ഇതിനായി മനസ്സിലാക്കേണ്ട ഒരുകാര്യം, നിങ്ങൾ UPI പിൻ നൽകി കഴിഞ്ഞാൽ പണമിടപാട് പൂർത്തിയായെന്നാണ്. പിന്നീട് ആ പണം തിരികെ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ളതോ അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ അസാധ്യമോ ആയ കാര്യമാണ്.
- സാമ്പത്തിക നഷ്ടം: ഇല്ലാത്ത സേവനങ്ങൾക്കും വ്യാജ സാധനങ്ങൾക്കും തട്ടിപ്പുകാരുടെ ഫീസുകൾക്കുമായി പണം നഷ്ടപ്പെടുന്നത് വളരെ നിരാശാജനകമാണ്. പോയ പണം തിരികെ ലഭിക്കാൻ മറ്റ് മാർഗ്ഗങ്ങളൊന്നും ഇതിലുണ്ടാകില്ല.
സുരക്ഷിതമായ പണമിടപാടുകൾ ഉറപ്പാക്കാനുള്ള ചില പ്രായോഗിക നിയമങ്ങൾ
- ധൃതി കൂട്ടുന്നത് ഒരു മുന്നറിയിപ്പായി കാണുക: യഥാർത്ഥ ബിസിനസ്സുകാരോ വ്യക്തികളോ നിങ്ങൾക്ക് വിവരങ്ങൾ പരിശോധിക്കാൻ സമയം നൽകാതെ ഉടൻ തന്നെ പണം അയക്കാൻ ആവശ്യപ്പെടില്ല. അതുകൊണ്ട് ധൃതി കൂട്ടുന്നത് തന്നെയാണ് തട്ടിപ്പിൻ്റെ ഏറ്റവും വലിയ ആദ്യത്തെ ലക്ഷണം.
- ഓരോ തവണയും പേര് പരിശോധിച്ച് ഉറപ്പുവരുത്തുക: പണം അയക്കുന്നതിന് മുൻപായി, സ്ക്രീനിൽ കാണിക്കുന്ന പേര് പരിശോധിക്കുക. നിങ്ങൾ പണം അയക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെയോ ബിസിനസ്സിൻ്റെയോ പേരല്ല കാണിക്കുന്നതെങ്കിൽ, ഉടൻ തന്നെ ഇടപാട് റദ്ദാക്കാവുന്നതാണ്.
- ടൈപ്പ് ചെയ്യുമ്പോഴുള്ള തെറ്റുകൾ ശ്രദ്ധിക്കുക: UPI പേയ്‌മെൻ്റുകൾ വളരെ പെട്ടെന്ന് നടക്കുന്നതും തിരിച്ചെടുക്കാൻ കഴിയാത്തതുമായതിനാൽ, ആദ്യമായി ഒരാൾക്ക് പണം അയക്കുമ്പോൾ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് രണ്ടുതവണ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണ്.
- പണം ലഭിക്കാൻ യാതൊന്നും ചെയ്യേണ്ടതില്ല: ഇത് വളരെ ലളിതമായ കാര്യമാണ് – നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുന്നതിനായി നിങ്ങൾ ഒരു QR കോഡും സ്കാൻ ചെയ്യേണ്ടതില്ല, നിങ്ങളുടെ UPI പിൻ നൽകേണ്ടതില്ല, അല്ലെങ്കിൽ ഒരു OTP പങ്കുവെക്കേണ്ടതില്ല.
- ആപ്പിലെ മുന്നറിയിപ്പുകൾ ഒരിക്കലും അവഗണിക്കരുത്: നിങ്ങളുടെ പേയ്‌മെൻ്റ് ആപ്പിൽ ഏതെങ്കിലും അക്കൗണ്ട് അപകടസാധ്യതയുള്ളതാണെന്നോ അല്ലെങ്കിൽ പുതിയതായി ഉണ്ടാക്കിയതാണെന്നോ മുന്നറിയിപ്പ് ലഭിച്ചാൽ, അത് അവഗണിക്കാതെ ഇടപാട് നിർത്തി പരിശോധിക്കുക. ഉയർന്ന അപകടസാധ്യതയുള്ള നമ്പറുകൾ, സ്പാം ടാഗുകൾ, പുതിയതായി ഉണ്ടാക്കിയ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ച് PhonePe പോലുള്ള ആപ്പുകൾ കൃത്യമായി മുന്നറിയിപ്പുകൾ നൽകാറുണ്ട്.
- ആദ്യമായി പണം അയക്കുമ്പോൾ മുഴുവൻ തുകയും നൽകരുത്: പുതിയതായി ഒരാൾക്ക് പണം നൽകുമ്പോൾ ഗഡുക്കളായി നൽകുകയോ, സാധനം ലഭിച്ച ശേഷം പണം നൽകുകയോ ചെയ്യുക. അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് വ്യക്തമായ സുരക്ഷ നൽകുന്ന അംഗീകൃത പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ഇടപാടുകൾ നടത്തുക.
ഒരു ഇടപാടിൽ സംശയം തോന്നുന്ന പല സൂചനകളും തുടക്കം മുതലേ പ്രകടമായിരിക്കും – കൃത്യമായ വിവരങ്ങൾ അറിഞ്ഞിരിക്കുകയും തുടർന്ന് എന്ത് ചെയ്യണമെന്ന് മനസ്സിലാക്കുകയുമാണ് പ്രധാനം!
നിങ്ങൾ തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണം?
നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിനിരയായെന്ന് സംശയം തോന്നിയാൽ, ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുക. ഓരോ നിമിഷവും വിലപ്പെട്ടതാണ്.
PhonePe-യിൽ എങ്ങനെ റിപ്പോർട്ട് ചെയ്യാം:
- PhonePe കസ്റ്റമർ കെയർ: 080-68727374 / 022-68727374 എന്നീ നമ്പറുകളിൽ വിളിക്കുക
- ലോഗിൻ സംബന്ധമായ പ്രശ്നങ്ങൾ : https://support.phonepe.com/ വഴി ഒരു ടിക്കറ്റ് സമർപ്പിക്കുക.
- സോഷ്യൽ മീഡിയ:
- Twitter: PhonePe Support
- Facebook: PhonePe Official
- പരാതി പരിഹാരം: PhonePe-യുടെ പരാതി പരിഹാര പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം
അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ:
- സൈബർ ക്രൈം സെൽ: സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയോ 1930 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക
- ടെലികോം വകുപ്പ് (DOT): സംശയാസ്പദമായ കോളുകൾ, മെസേജുകൾ, WhatsApp/Telegram തട്ടിപ്പുകൾ എന്നിവ സഞ്ചാർ സാത്തി പോർട്ടലിലെ ചക്ഷു സൗകര്യം വഴി റിപ്പോർട്ട് ചെയ്യുക
പ്രത്യേകം ഓർമ്മിക്കുക — PhonePe ഒരിക്കലും നിങ്ങളുടെ രഹസ്യ വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ ആവശ്യപ്പെടില്ല. phonepe.com എന്ന ഡൊമൈനിൽ നിന്നല്ലാതെ വരുന്ന മെയിലുകൾ, അത് PhonePe-യിൽ നിന്നാണെന്ന് അവകാശപ്പെട്ടാൽ പോലും വിശ്വസിക്കരുത്. തട്ടിപ്പ് നടന്നതായി സംശയം തോന്നിയാൽ ഉടൻ തന്നെ അധികൃതരുമായി ബന്ധപ്പെടുക.
