PhonePe Blogs Main Featured Image

Trust & Safety

സെൻസസ് 2027 തട്ടിപ്പ് മുന്നറിയിപ്പ്: നിങ്ങളുടെ വ്യക്തിവിവരങ്ങൾ എങ്ങനെ സംരക്ഷിക്കാം?

PhonePe Regional|2 min read|24 June, 2026

URL copied to clipboard

ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പായ ഇന്ത്യയുടെ പതിനാറാം സെൻസസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. വീടുകളുടെ വിവരശേഖരണം ഉൾപ്പെടുന്ന ആദ്യ ഘട്ടം പൂർത്തിയായപ്പോൾ, ഓരോ പൗരൻ്റെയും സാമൂഹികവും ജനസംഖ്യാപരവും സാമ്പത്തികവുമായ വിവരങ്ങൾ ശേഖരിക്കുന്ന രണ്ടാം ഘട്ടം ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ചു.

എന്നാൽ നിർഭാഗ്യവശാൽ, ഈ കഴിഞ്ഞ കുറച്ച് മാസങ്ങളായി, നിരപരാധികളെ കബളിപ്പിക്കാനുള്ള ഒരു മാധ്യമമായി തട്ടിപ്പുകാർ 2027-ലെ സെൻസസിനെ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ജനങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്തുകയാണ് ഇവർ ചെയ്യുന്നത്. അതിനാൽ നിങ്ങളുടെ വ്യക്തിവിവരങ്ങളും കഷ്ടപ്പെട്ട് സമ്പാദിച്ച പണവും സംരക്ഷിക്കാൻ ഇത്തരം വ്യാജ ഉദ്യോഗസ്ഥരെ എങ്ങനെ തിരിച്ചറിയാം എന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

സെൻസസ് തട്ടിപ്പുകാർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

സാമ്പത്തിക തട്ടിപ്പുകൾക്കും ഐഡൻ്റിറ്റി മോഷണത്തിനുമുള്ള ഒരു അവസരമായാണ് തട്ടിപ്പുകാർ സെൻസസിനെ ഉപയോഗിക്കുന്നത്. അവർ പ്രയോഗിക്കുന്ന ചില തന്ത്രങ്ങൾ താഴെ പറയുന്നവയാണ്:

  • ആൾമാറാട്ടം: നേരിട്ട് വീടുകൾ സന്ദർശിച്ചോ, അല്ലെങ്കിൽ WhatsApp, ഫോൺ കോളുകൾ എന്നിവ വഴിയോ തട്ടിപ്പുകാർ സർക്കാർ ഉദ്യോഗസ്ഥരാണെന്ന് വരുത്തിത്തീർക്കുന്നു. സെൻസസിൻ്റെ പേരും പറഞ്ഞ് ആധാർ, PAN കാർഡ്, ബാങ്കിംഗ് വിവരങ്ങൾ എന്നിവ പോലുള്ള പ്രധാനപ്പെട്ട രേഖകൾ ശേഖരിക്കുകയാണ് ഇവർ ചെയ്യുന്നത്. ഈ വിവരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ പേരിൽ അവർ കുറ്റകൃത്യങ്ങൾ ചെയ്തേക്കാം. ഇത് നിങ്ങളെ വലിയ നിയമക്കുരുക്കുകളിൽ എത്തിക്കും. കൂടാതെ, വ്യാജ ലോണുകൾക്കോ ക്രെഡിറ്റ് കാർഡുകൾക്കോ വേണ്ടി നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ വ്യക്തിത്വങ്ങൾ നിർമ്മിക്കാനും സാധ്യതയുണ്ട്.
  • ഫിഷിംഗ് ലിങ്കുകൾ: സെൻസസ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനെന്ന വ്യാജേന നിങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള ലിങ്കുകൾ അടങ്ങിയ SMS-കൾ അവർ അയക്കുന്നു. ബാങ്ക് അക്കൗണ്ടുകളിൽ നിന്നും UPI വാലറ്റുകളിൽ നിന്നും പണം തട്ടാനായി OTP അല്ലെങ്കിൽ QR കോഡ് തട്ടിപ്പുകളും ഇവർ നടത്തിയേക്കാം.
  • വ്യാജ ആപ്പുകൾ: നിങ്ങളുടെ ഫോണിലെ വിവരങ്ങൾ മോഷ്ടിക്കുന്നതിനോ, ഫോണിൻ്റെ നിയന്ത്രണം വിദൂരത്തുനിന്നും ഏറ്റെടുക്കുന്നതിനോ ആയി വ്യാജ സെൻസസ് ആപ്പുകൾ (APK-കൾ) ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ നിങ്ങളെ നിർബന്ധിച്ചേക്കാം. ഇതുവഴി നിങ്ങളുടെ സ്വകാര്യ മെസ്സേജുകളും പാസ്‌വേഡുകളും അവർക്ക് ലഭിക്കും.

സെൻസസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വരുന്നവരെ എങ്ങനെ തിരിച്ചറിയാം?

  1. യഥാർത്ഥ ഉദ്യോഗസ്ഥർ ഒരിക്കലും നിങ്ങളുടെ OTP, CVV, PIN, അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പറുകൾ ചോദിക്കില്ല.
  2. ആധാർ അല്ലെങ്കിൽ പാൻ കാർഡിന്റെ ഫോട്ടോ എടുക്കാൻ അവർ നിർബന്ധിക്കുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക, അത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.
  3. തട്ടിപ്പുകാർ പലപ്പോഴും Gmail അല്ലെങ്കിൽ Yahoo ഇമെയിലുകളും സർക്കാരിൻ്റേതല്ലാത്ത വെബ്സൈറ്റുകളുമാണ് ഉപയോഗിക്കുക. സർക്കാരിന്റെ ഔദ്യോഗിക ആശയവിനിമയങ്ങൾ എപ്പോഴും .gov.in അവസാനിക്കുന്ന ഡൊമെയ്‌നുകൾ വഴി മാത്രമായിരിക്കും.
  4. യഥാർത്ഥ ഉദ്യോഗസ്ഥരുടെ കൈവശം സർക്കാർ നൽകിയ തിരിച്ചറിയൽ കാർഡും, ഓതറൈസേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. കൂടാതെ സർക്കാർ നൽകിയിട്ടുള്ള പ്രത്യേക മൊബൈൽ ഫോണുകളായിരിക്കും അവർ വിവരശേഖരണത്തിനായി ഉപയോഗിക്കുന്നത്.
  5. സെൻസസ് തികച്ചും സൗജന്യമാണ്. “രജിസ്ട്രേഷൻ ഫീസ്” അല്ലെങ്കിൽ “കൺവീനിയൻസ് ചാർജ്” എന്നിവ ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ, അതൊരു വലിയ തട്ടിപ്പാണെന്ന് ഉറപ്പിക്കാം.

നിങ്ങൾ തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണം?

  • നിങ്ങളുടെ ബാങ്കിൻ്റെ ഔദ്യോഗിക ആപ്പ് വഴിയോ അല്ലെങ്കിൽ നേരിട്ട് ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടോ അക്കൗണ്ടുകൾ, ക്രെഡിറ്റ് കാർഡുകൾ, UPI എന്നിവ എത്രയും പെട്ടെന്ന് മരവിപ്പിക്കുക.
  • സംശയാസ്പദമായ ഏതെങ്കിലും ആപ്പ് നിങ്ങൾ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ, സ്പൈവെയർ/മാൽവെയറുകൾ പൂർണ്ണമായും നീക്കം ചെയ്യാനായി ഫോൺ ഉടനടി ഫാക്ടറി റീസെറ്റ് ചെയ്യുക.
  • വ്യാജ ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടിൽ നേരിട്ട് വന്നിട്ടുണ്ടെങ്കിൽ, അത് നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഇത് നിങ്ങളുടെ അയൽക്കാരെ കൂടി അവർ ലക്ഷ്യമിടുന്നത് തടയാൻ സഹായിക്കും.

എങ്ങനെ റിപ്പോർട്ട് ചെയ്യാം

നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിനിരയായെന്ന് സംശയം തോന്നിയാൽ, ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുക:

PhonePe-യിൽ എങ്ങനെ റിപ്പോർട്ട് ചെയ്യാം:

  • PhonePe ഗ്രൂപ്പ് ചാറ്റ്: നിങ്ങൾ അംഗമായിട്ടുള്ള ഒരു PhonePe ഗ്രൂപ്പ് തട്ടിപ്പാണെന്ന് സംശയം തോന്നിയാൽ, ഉടൻ തന്നെ ആ ഗ്രൂപ്പ് പ്രൊഫൈലിന് താഴെയുള്ള “പുറത്തുകടക്കുക”, “റിപ്പോർട്ട് ചെയ്യുക” എന്നീ ഓപ്ഷനുകൾ ഉപയോഗിക്കുക.
  • PhonePe ആപ്പ്: ‘ഹെൽപ്പ്’ സെക്ഷനിൽ പോയി പരാതി നൽകുക.
  • PhonePe കസ്റ്റമർ കെയർ: 80-68727374 / 022-68727374 എന്നീ നമ്പറുകളിൽ വിളിക്കുക
  • സോഷ്യൽ മീഡിയ:
  • പരാതി പരിഹാരം: PhonePe-യുടെ പരാതി പരിഹാര പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം

അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ:

  • സൈബ‍ർ ക്രൈം സെൽ: സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയോ 1930 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
  • ടെലികോം വകുപ്പ് (DOT): സംശയാസ്പദമായ കോളുകൾ, മെസേജുകൾ, WhatsApp/Telegram തട്ടിപ്പുകൾ എന്നിവ സഞ്ചാർ സാത്തി പോർട്ടലിലെ ചക്ഷു സൗകര്യം വഴി റിപ്പോർട്ട് ചെയ്യുക.

പ്രത്യേകം ഓർമ്മിക്കുക — PhonePe ഒരിക്കലും നിങ്ങളുടെ രഹസ്യ വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ ആവശ്യപ്പെടില്ല. phonepe.com എന്ന ഡൊമൈനിൽ നിന്നല്ലാതെ വരുന്ന മെയിലുകൾ, അത് PhonePe-യിൽ നിന്നാണെന്ന് അവകാശപ്പെട്ടാൽ പോലും വിശ്വസിക്കരുത്. തട്ടിപ്പ് നടന്നതായി സംശയം തോന്നിയാൽ ഉടൻ തന്നെ അധികൃതരുമായി ബന്ധപ്പെടുക.

Keep Reading